Deshabhimani

ഡൽഹി കെട്ടിട ദുരന്തം: മരണം നാലായി; എട്ടുപേർക്ക് പരിക്ക്

delhi building colapse
വെബ് ഡെസ്ക്

Published on Oct 08, 2026, 09:46 AM | 1 min read

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ ബഹുനില കെട്ടിടം തകർന്നുവീണ് ഗർഭിണിയും കുട്ടികളും ഉൾപ്പെടെ നാല് പേർ മരിച്ചു. മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ നാലായത്.


12 കാരി, ഗർഭിണിയായ സ്ത്രീ, ഒന്നരവയസ്സുകാരൻ എന്നിവരാണ് മരിച്ച മറ്റ് മൂന്ന് പേർ. ഒന്നരവയസ്സുകാരന്റെ മൃതദേഹം തലയറ്റ നിലയിലാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


ഭൂചലനത്തെ തുടർന്ന് കെട്ടിടത്തിൽ വിള്ളൽ


ചൊവ്വാഴ്ച ഉത്തരാഖണ്ഡിലുണ്ടായ ഭൂചലനത്തിന് പിന്നാലെ കെട്ടിടത്തിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. ഇതേത്തുടർന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് കെട്ടിടം തകർന്നതെന്നാണ് ഡൽഹി മുൻസിപ്പൽ കോർപറേഷന്റെ പ്രാഥമിക വിവരം.


ഈദ്ഗാഹ് മത്സ്യമാർക്കറ്റിന് സമീപത്തെ ജുഗ്ഗി-ജോപ്രി പ്രദേശത്താണ് അപകടമുണ്ടായത്. 20 മുതൽ 25 വർഷം വരെ പഴക്കമുള്ള കെട്ടിടമാണിത്. കെട്ടിടത്തിന്റെ നിലകളെയും വിസ്തീർണത്തെയും കുറിച്ച് പൊലീസും എംസിഡിയും വ്യത്യസ്ത വിവരങ്ങളാണ് നൽകുന്നത്.


കെട്ടിടം തകർന്നതിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടത്തിന്റെ മതിലും പള്ളിയുടെ ചുറ്റുമതിലും തകർന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്.


രക്ഷാപ്രവർത്തനം തുടരുന്നു


അപകടവിവരം ലഭിച്ചയുടൻ ഫയർ സർവീസ്, പൊലീസ്, ഡൽഹി ദുരന്തനിവാരണ അതോറിറ്റി, എൻഡിആർഎഫ്, എംസിഡി തുടങ്ങിയ വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.


അപകടത്തിന് പിന്നാലെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി. കൈകൾ ഉപയോഗിച്ച് ഇഷ്ടികകളും കോൺക്രീറ്റ് പാളികളും നീക്കി നിരവധി പേരെ പുറത്തെടുത്തതായി പ്രദേശവാസികൾ പറഞ്ഞു. കെട്ടിടത്തിന്റെ സുരക്ഷ, ഭൂചലനത്തിന്റെ ആഘാതം, നിർമാണ നിലവാരം എന്നിവ സംബന്ധിച്ചും അധികൃതർ പരിശോധന നടത്തിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home