Deshabhimani

പ്രതിഷേധക്കടലിൽ ഡൽഹി; ഇന്നും പ്രക്ഷോഭം, ഇടത് വനിതാസംഘടനകൾ സമരത്തിൽ

PK Sreemathi.jpg

ഫോട്ടോ: പി വി സുജിത്ത്

വെബ് ഡെസ്ക്

Published on Oct 17, 2026, 12:57 PM | 1 min read

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭക്കടലിൽ മുങ്ങി രാജ്യതലസ്ഥാനം. ഇന്ന് ഇടത് വനിതാസംഘടനകൾ ഡൽഹിയിൽ പ്രതിഷേധം നടത്തുന്നു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അധ്യക്ഷ പി കെ ശ്രീമതിയുടെ നേതൃത്വത്തിൽ വൻ ജനകീയ മുന്നേറ്റമാണ് ഡൽഹിയിൽ നടക്കുന്നത്.


ഇടത് വനിതാ സംഘടനകൾ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡൽഹിയിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾക്കുനേരെ ഡൽഹി പൊലീസും കേന്ദ്രസേനയും അക്രമം അഴിച്ചുവിടുന്നതിനെതിരെയും പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന് മുന്നിൽ റോഡ് ഉപരോധിച്ചാണ്‌ സമരം.


മുൻകൂട്ടി അറിയിച്ചിട്ടും പൊലീസ് മേധാവികളാരും സ്ഥലത്തില്ല എന്ന ന്യായമാണ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രതിഷേധത്തിനെത്തിയ സ്ത്രീകളെ ക്രൂരമായി ആക്രമിക്കുന്ന നടപടിക്കെതിരെയുള്ള മെമ്മോറാൻഡം നൽകാനാണ് എത്തുന്നതെന്ന് നേരത്തെ തന്നെ വനിതാസംഘടനകൾ അറിയിപ്പ് നൽകിയിരുന്നു.


ഇതറിഞ്ഞിട്ടും പൊലീസ് മേധാവികൾ ഒരു ചർച്ചയ്‌ക്കോ പരാതി സ്വീകരിക്കാനോ തയാറല്ല. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് മെമ്മോറാൻഡം നൽകി മടങ്ങാനല്ല തങ്ങൾ വന്നതെന്ന് പി കെ ശ്രീമതി പറഞ്ഞു. സാധാരണഗതിയിൽ ഒരു സമരം നടക്കുന്നു എന്നറിഞ്ഞാൽ ഉത്തരവിടേണ്ട മേലധികാരി അവിടെ ഉണ്ടാവാറുണ്ട്.


ഞങ്ങളുടെ ആശങ്കയറിയിക്കാനെത്തുമെന്ന് അറിയിച്ചിട്ടും അവർ ഇവിടെയില്ലാത്തത് സ്ത്രീകളുടെ സുരക്ഷയോട് തന്നെ കാണിക്കുന്ന വിമുഖതയാണ്. ഭീരുക്കളെപോലെ പൊലീസ് ആസ്ഥാനം അടച്ചിട്ട് മടങ്ങുകയാണ് ഉദ്യോഗസ്ഥർ ചെയ്തിരിക്കുന്നത്.


സ്ത്രീകളെ തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കമ്മീഷണറെ തന്നെ കണ്ട് ആവശ്യപ്പെടാനാണ് തീരുമാനം. അദ്ദേഹം ഒളിച്ചിരിക്കുകയാണെങ്കിൽ പുറത്തിറങ്ങും വരെ സമരം തുടരുമെന്നും പി കെ ശ്രീമതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home