ലൈംഗികാതിക്രമം, ബലപ്രയോഗം, അറസ്റ്റ്; ഡൽഹി പൊലീസിന്റെ അതിക്രമങ്ങൾക്ക് മുന്നിൽ തളരാതെ സ്ത്രീകൾ

ന്യൂഡൽഹി: ന്യായമായ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിക്കുന്ന സ്ത്രീകളോടുള്ള കേന്ദ്രത്തിന്റെയും ഡൽഹി പൊലീസിന്റെയും ക്രൂരത തുടരുകയാണ്. രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങളുടെ പ്രധാന വേദിയായ ജന്തർമന്തറിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമം അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. സമരം ചെയ്യുന്ന വനിതാ പ്രവർത്തകർക്കും, അത് റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്കും നേരെ ക്രൂരമായ ആക്രമണമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഭരണകൂടത്തിനെതിരെ ഉയരുന്ന സ്ത്രീകളുടെ ശബ്ദങ്ങളെ അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിൽ വിദ്യാർഥി നേതാക്കളെയും വനിതാ പ്രവർത്തകരെയും ഡൽഹി പൊലീസ് ക്രൂരമായി തടയുകയും തുടർച്ചയായി കസ്റ്റഡിയിലെടുക്കുകയുമുണ്ടായി. വനിതാ പ്രവർത്തകരുടെയും വിദ്യാർഥികളുടെയും വസ്ത്രങ്ങൾ കീറി. കസ്റ്റഡിയിലെടുക്കുന്നതിനിടെ പുരുഷ പൊലീസുകാർ ഇവരെ ക്രൂരമായ ശാരീരിക ആക്രമണത്തിന് ഇരയാക്കാനും മടിച്ചില്ല. സ്ത്രീകളെ പുരുഷ ഉദ്യോഗസ്ഥർ തന്നെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇതിനിടെ സമരരംഗത്തുണ്ടായിരുന്ന മൂന്ന് വനിതാ മാധ്യമപ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയിരുന്നു. പുരുഷ ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവെക്കുകയും അനുചിതമായി സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് മാധ്യമപ്രവർത്തകരുടെ വെളിപ്പെടുത്തൽ. ഈ അതിക്രമത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ രാത്രി മുഴുവൻ പ്രതിഷേധിച്ച പരാതിക്കാരിയായ മാധ്യമപ്രവർത്തകയടക്കം 17 പേരെയാണ് പിറ്റേന്ന് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമികളെ സംരക്ഷിക്കുന്നതിനൊപ്പം പരാതിക്കാരെപ്പോലും വേട്ടയാടുന്ന സമീപനമാണ് കേന്ദ്രവും സ്വീകരിച്ചത്.
അക്രമിച്ച പൊലീസുദ്യോഗസ്ഥനെതിരെ വിളിച്ചുചേർത്ത വാർത്താസമ്മേളനം ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് പ്രതിഷേധക്കാരെ പൊലീസ് തടവിലാക്കിയത്. ഇവരെ പൊലീസ് മർദിച്ചെന്ന പരാതിയുമുയർന്നു. പരാതിക്കാരെ അറസ്റ്റ് ചെയ്തതിനാൽ അവരില്ലാതെ വാർത്താസമ്മേളനം നടത്തി.
“ഞങ്ങൾക്ക് സുരക്ഷിതരായിരിക്കണം” എന്ന മുദ്രാവാക്യവുമായി യുവതികൾ ജന്തർമന്തറിലേക്ക് പ്രത്യേക മാർച്ചും നടത്തി. വനിതാ മാധ്യമപ്രവർത്തകരുടെ പരാതിക്ക് നീതി ആവശ്യപ്പെട്ടും സ്ത്രീകളുടെ സുരക്ഷ ചൂണ്ടിക്കാട്ടിയും വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവർ വീണ്ടും തെരുവിലെത്തി. ലൈംഗികാതിക്രമ പരാതി നൽകിയ ഒരു മാധ്യമപ്രവർത്തകയടക്കം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനുമുന്നിൽ രാത്രി മുഴുവൻ പ്രതിഷേധിച്ചതിന് പിന്നാലെ വീണ്ടും കസ്റ്റഡിയിലെടുക്കപ്പെട്ടത് പ്രതിഷേധം അടിച്ചമർത്തുന്നതിനെച്ചൊല്ലിയ വിമർശനം കൂടുതൽ ശക്തമാക്കി.
ഇത് ജന്തർമന്തറിൽ സ്ത്രീ പ്രക്ഷോഭകർക്ക് നേരെയുള്ളത്, കേന്ദ്രം പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന ആദ്യ അതിക്രമമല്ല. 2023-ൽ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് സമരം ചെയ്ത ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ വനിതാ ഗുസ്തിതാരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചും ബലപ്രയോഗത്തിലൂടെ വാഹനങ്ങളിൽ തള്ളിക്കയറ്റിയുമാണ് പൊലീസ് അടിച്ചമർത്തിയത്. അന്നും രാത്രിയിൽ തങ്ങളെ പൊലീസ് തള്ളിയിട്ടെന്നും മോശമായി പെരുമാറിയെന്നും താരങ്ങൾ ആരോപിച്ചിരുന്നു.
വർഷങ്ങൾക്കിപ്പുറവും അതേ ജന്തർമന്തറിൽ പ്രതിഷേധിക്കാനെത്തുന്ന സ്ത്രീകൾക്ക് നേരെ സമാനമായ ശാരീരിക-ലൈംഗിക അതിക്രമങ്ങൾ ആവർത്തിക്കുകയാണ്.
സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഈ ശാരീരിക അക്രമങ്ങളും അറസ്റ്റും നടക്കുന്നുണ്ടെങ്കിലും സമരം അവസാനിപ്പിക്കാനോ പിന്നോട്ടടിക്കാനോ തയ്യാറല്ല ഇവർ. ആദ്യദിവസം തടഞ്ഞവരാണ് രണ്ടാം ദിവസവും തിരിച്ചെത്തിയത്. വീണ്ടും കസ്റ്റഡിയിലെടുത്തവരിൽ പലരും മൂന്നാം ദിവസവും ജന്തർമന്തറിലേക്കെത്തി. സ്ത്രീകളുടെ സുരക്ഷ തന്നെ ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിനിടയിലും യുവതികളും വിദ്യാർഥിനികളും മാധ്യമപ്രവർത്തകരും വീണ്ടും തെരുവിലിറങ്ങി. “സുരക്ഷ വേണം” എന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ തന്നെ ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയതും അതുകൊണ്ടാണ്. പൊലീസ് ബാരിക്കേഡുകളും കസ്റ്റഡിയും അക്രമങ്ങളും അവരുടെ പോരാട്ടവീര്യം തകർത്തില്ല. മറിച്ച് സമരത്തിന്റെ മുൻനിരയിൽ സ്ത്രീകളുടെ സാന്നിധ്യം കൂടുതൽ ദൃശ്യമാവുകയാണുണ്ടായത്.









0 comments