ഡൽഹിയിലെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിക്കാൻ മാധ്യമപ്രവർത്തകർ

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസിൽ നിന്നുണ്ടായ അതിക്രമത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ മാധ്യമപ്രവർത്തകർ. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയോ ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്ത മാധ്യമപ്രവർത്തകരോട് സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി സത്യവാങ്മൂലം നൽകാൻ ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (DUJ) ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ ചില മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായും ബോണ്ടിൽ ഒപ്പുവച്ചശേഷമാണ് വിട്ടയച്ചതെന്നും സംഘടന വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരുടെയും മാധ്യമപ്രവർത്തന രംഗത്തെ പ്രമുഖരുടെയും പട്ടിക ഇതിനകം സമർപ്പിച്ചിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിനെതിരായ നിയമപോരാട്ടം ശക്തിപ്പെടുത്തുന്നതിനാണ് കൂടുതൽ വിവരങ്ങളും സത്യവാങ്മൂലങ്ങളും ശേഖരിക്കുന്നതെന്നും പൊലീസിൽ നിന്ന് മോശം അനുഭവമുണ്ടായ മാധ്യമപ്രവർത്തകരും അവരെക്കുറിച്ച് അറിയാവുന്നവരും വിവരം കൈമാറണമെന്നും ജേർണലിസ്റ്റ്സ് യൂണിയൻ വ്യക്തമാക്കി.
പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ ഇരുപതോളം മാധ്യമപ്രവർത്തകരെ പൊലീസ് ക്രൂരമായി ഉപദ്രവിച്ചിരുന്നു. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും പലരെയും ബലമായി പിടിച്ചുവലിച്ച് പൊലീസ് വാഹനത്തിൽ കയറ്റി. മലയാളികളടക്കമുള്ള മാധ്യമപ്രവർത്തകർക്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായി. മാധ്യമപ്രവർത്തകരെ മർദിക്കുകയും ബലമായി കസ്റ്റഡിയിലെടുക്കുകയും ക്യാമറകളും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു. മാധ്യമപ്രവർത്തകർക്ക് ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിന് തടസ്സമുണ്ടാക്കരുതെന്ന് ഒക്ടോബർ 11ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും പൊലീസ് അതിക്രമം തുടരുകയായിരുന്നു.









0 comments