ദില്ലിയിൽ താപനില ഉയരുന്നു; വായു ഗുണനിലവാരം ഇപ്പോഴും ‘മോശം’ വിഭാഗത്തിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തണുപ്പിന് നേരിയ കുറവുണ്ടായെങ്കിലും വായു മലിനീകരണം ഇപ്പോഴും ഗുരുതരമായി തുടരുന്നു. ദില്ലിയിലെയും പരിസര പ്രദേശങ്ങളിലെയും വായു ഗുണനിലവാര സൂചിക ശനിയാഴ്ചയും 'മോശം' വിഭാഗത്തിൽ തന്നെ തുടരുന്നതായാണ് റിപ്പോർട്ട്.
ചിലയിടങ്ങളിൽ സൂചിക 300-ന് മുകളിൽ എത്തിയതോടെ വായുനിലവാരം 'അതിമോശം' വിഭാഗത്തിലേക്ക് നീങ്ങുകയാണ്. ഫെബ്രുവരി മാസം ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു.
നിലവിൽ പകൽ സമയങ്ങളിൽ താപനില ഉയരുന്നത് ദില്ലി നിവാസികൾക്ക് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും രാവിലെയും രാത്രിയും അനുഭവപ്പെടുന്ന മലിനീകരണം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
വരും ദിവസങ്ങളിലും വായുനിലവാരം മോശമായി തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര മലിനീകരണം നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകി. മലിനീകരണം രൂക്ഷമായതോടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും കുട്ടികളും മുതിർന്ന പൗരന്മാരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്ലിയിൽ അനുഭവപ്പെടുന്ന മൂടൽമഞ്ഞും മലിനീകരണവും ഗതാഗത സംവിധാനങ്ങളെയും ബാധിച്ചിട്ടുണ്ട്. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ കർശനമായി നടപ്പിലാക്കാൻ സുപ്രീംകോടതി നേരത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.










0 comments