ഡൽഹി - മുംബൈ എക്സ്പ്രെസ്വേയിൽ ബസ് മറിഞ്ഞ് അപകടം; എട്ട് മരണം

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ ഡൽഹി മുംബൈ എക്സ്പ്രെസ്വേയിൽ വച്ച് ബസ് മറിഞ്ഞ് എട്ട് പേർക്ക് ദാരുണാന്ത്യം. 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പെരിക്കേറ്റ 17 പേരെ എൻഎച്ച്എംസി ആശുപത്രിയിലും എട്ട് പേരെ എംബിഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി കോട്ട ജില്ലാ കളക്ടർ അറിയിച്ചു.
രാജസ്ഥാനിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ കൊണ്ടുപോയ ബസാണ് അപകടത്തിൽപെട്ടത്. എക്സ്പ്രസ് ഹൈവേയിലെ 384-ാം നമ്പർ തൂണിന് സമീപം രാവിലെ 6 മണിയോടെയാണ് സംഭവം. ബസ് റോഡിൽ നിന്ന് തെന്നിമാറി 15 അടി താഴ്ചയുള്ള ചാലിലേക്ക് മറിയുകയായിരുന്നു.
ചെളിയും വെള്ളവും അടിഞ്ഞുകൂടിയ ചാലിലേക്കാണ് ബസ് മറിഞ്ഞത്. അപകടം നടന്നയുടനെ തന്നെ നാട്ടുകാരും പൊലീസുമെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അഴുക്കുമൂടിയ ചാലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.
എട്ടുപേരും ആശുപത്രിയിലേക്കെത്തിക്കുന്ന വഴിയിൽ വച്ചാണ് മരിച്ചത്. ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മറ്റു കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.









0 comments