സീറ്റിനെച്ചൊല്ലി തർക്കം; ഡൽഹി മെട്രോയിൽ 48 കാരൻ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ വയോധികർക്കുള്ള സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ 48-കാരൻ കൊല്ലപ്പെട്ടു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പവൻ ശർമയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് പ്രതാപ് സിങ്, മകൻ സിദ്ധാർത്ഥ് സിങ് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 8-നായിരുന്നു സംഭവം. ഗുഡ്ഗാവിൽ നിന്ന് അമ്മ ദുർഗ ദേവിക്കൊപ്പം (65) യമുനാ വിഹാറിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പവൻ ശർമ. മാണ്ഡി ഹൗസ് മെട്രോ സ്റ്റേഷനിൽ നിന്നാണ് പ്രതികളായ സഞ്ജയ് പ്രതാപും മകനും ട്രെയിനിൽ കയറിയത്. വയോധികർക്കായി സംവരണം ചെയ്ത സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന പവനോട് പ്രതികൾ മോശമായ രീതിയിൽ സീറ്റ് ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു.
മാന്യമായി സംസാരിച്ചാൽ സീറ്റ് മാറിത്തരാമെന്ന് പറഞ്ഞ് പവൻ ശർമ എഴുന്നേറ്റെങ്കിലും, തർക്കം തുടരുകയും ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. പവനെ സഞ്ജയ് പ്രതാപ് സിങ് മുഖത്തടിക്കുകയും മകൻ നെഞ്ചിൽ തുരുതുരാ ഇടിക്കുകയും ചെയ്തുവെന്ന് അമ്മ ദുർഗാ ദേവി പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ച അമ്മയെ പ്രതികൾ പിടിച്ചുവെക്കുകയായിരുന്നു.
തുടർന്ന് സുപ്രീം കോടതി മെട്രോ സ്റ്റേഷനിൽ ഇറങ്ങിയ പവൻ ശർമ പ്ലാറ്റ്‌ഫോമിൽ കുഴഞ്ഞുവീണു. ഉടൻ തന്നെ മെട്രോ അധികൃതർ ചേർന്ന് ലോകനായക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിസിടിവി ദൃശ്യങ്ങളും തെളിവുകളും പരിശോധിച്ച ശേഷം ഗൗതം ബുദ്ധ് നഗർ സ്വദേശികളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.








0 comments