ഡൽഹി കലാപത്തിൽ പ്രത്യേക അന്വേഷണം വേണ്ട; ഹർജികൾ തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഡൽഹി കലാപത്തിലും, ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നരനായാട്ടിലും സ്വതന്ത്ര അന്വേഷണം വേണ്ടെന്ന് ഡൽഹി ഹൈക്കോടതി. ഈ സംഭവങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന ഒരു കൂട്ടം ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ വിവേക് ചൗധരി, മനോജ് ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജികൾ തള്ളിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ (സിഎഎ) നടന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തി ഡൽഹി പൊലീസ് നടത്തിയ 2020ലെ ഡൽഹി കലാപത്തിലും, ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നരനായാട്ടിലും സ്വതന്ത്ര അന്വേഷണം വേണ്ടെന്നാണ് ഡൽഹി ഹൈക്കോടതി വ്യക്തമാക്കുന്നത്.
ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും പങ്കുള്ള സംഭവമായതിനാൽ അവരെ ഒഴിവാക്കി സ്വതന്ത്രമായ അന്വേഷണം വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കലാപത്തിന് തുടക്കമിട്ട സംഘപരിവാർ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളിൽ കേസെടുക്കുക, അക്രമത്തിന് കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുക, ഇരകൾക്ക് അർഹമായ നഷ്ടപരിഹാരവും ചികിത്സയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഹർജികളിലുണ്ടായിരുന്നത്. എന്നാൽ, ഈ ആവശ്യങ്ങളെല്ലാം കോടതി നിരസിക്കുകയായിരുന്നു. ഇതുസംബന്ധിച്ച വിശദമായ വിധിന്യായം പുറത്തുവന്നിട്ടില്ല.
സിഎഎ വിരുദ്ധ പ്രക്ഷോഭം നടത്തിയ ജാമിയ വിദ്യാർഥികൾക്ക് നേരെ 2019 ഡിസംബറിലാണ് ഡൽഹി പൊലീസ് ക്യാമ്പസിൽ കയറി ആക്രമണം അഴിച്ചുവിട്ടത്. 2020 ഫെബ്രുവരി 24നാണ് ഡൽഹിയിൽ ആസൂത്രിത വർഗീയ കലാപം അരങ്ങേറിയത്. പൊലീസ് നോക്കിനിൽക്കെ സംഘപരിവാർ അഴിച്ചുവിട്ട നരനായാട്ടിൽ 53 പേർ കൊല്ലപ്പെടുകയും എഴുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ലഭിച്ച ഹർജികൾ ഒന്നിച്ച് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ജൂലൈ 24നാണ് ഹർജികളിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്. ഡൽഹി പൊലീസിന്റെയും കേന്ദ്ര സർക്കാരിന്റെയും വാദങ്ങൾക്ക് അംഗീകാരം നൽകുന്നതാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ നടപടി.









0 comments