അല്ലു അർജുന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ച് ഡൽഹി ഹൈക്കോടതി

അല്ലു അർജുൻ (Photo: Allu Arjun's Facebook)
ന്യൂഡൽഹി: നടൻ അല്ലു അർജുന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഡൽഹി ഹൈക്കോടതി. അല്ലു അർജുന്റെ സമ്മതമില്ലാതെ അദ്ദേഹത്തിന്റെ പേര്, ചിത്രം, ശബ്ദം, സംഭാഷണങ്ങൾ, ആംഗ്യങ്ങൾ, മറ്റ് സവിശേഷതകൾ എന്നിവ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കോടതി വിലക്കി. നടന്റെ തനിമയെ അടയാളപ്പെടുത്തുന്ന ഇത്തരം ഗുണങ്ങൾ അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും ജസ്റ്റിസ് തുഷാർ റാവു ഗെഡെല നിരീക്ഷിച്ചു.
എഐ ഉപയോഗിച്ച് നടന്റെ രൂപമോ ശബ്ദമോ അനുകരിക്കുന്നതിനും ഡീപ്പ്ഫേക്ക് വീഡിയോകൾ നിർമ്മിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കർശന വിലക്ക് ഏർപ്പെടുത്തി. നടന്റെ ചിത്രം ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുടെ വിൽപന, പരസ്യങ്ങൾ, വഞ്ചനാപരമായ വ്യാപാരമുദ്രകൾ (Trademarks) എന്നിവ കോടതി തടഞ്ഞു. നടന്റെ പ്രകടനങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതോ അദ്ദേഹത്തിന്റെ ധാർമ്മിക അവകാശങ്ങളെ ലംഘിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ നിർമ്മിക്കാൻ പാടില്ല എന്നും കോടതി ഉത്തരവിൽ പറയുന്നു.
ഇത്തരത്തിൽ നടന്റെ സമ്മതമില്ലാതെ ചിത്രങ്ങളോ വീഡിയോകളോ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ ലോക്ക് ചെയ്യാനോ തടയാനോ ഉത്തരവുണ്ട്. എന്നാൽ അബദ്ധവശാൽ ഏതെങ്കിലും വെബ്സൈറ്റ് തടയപ്പെട്ടാൽ അവർക്ക് കോടതിയെ സമീപിക്കാവുന്നതാണ്.











0 comments