ഡൽഹിയിലെ റോഡുകൾ ഉരുകുന്നത് 65 ഡിഗ്രിയിൽ; ഔദ്യോഗിക കണക്കുകളിൽ 42 ഡിഗ്രി മാത്രം

AI പ്രതീകാത്മക ചിത്രം / Gemini
ന്യൂഡൽഹി : ഇന്ത്യയുടെ തലസ്ഥാന നഗരമുൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ചുട്ടെരിക്കുന്ന കടുത്ത ഉഷ്‌ണതരംഗം തുടരുമ്പോൾ
ജനങ്ങൾ അനുഭവിക്കുന്ന യഥാർത്ഥ ചൂടും മൊബൈൽ ആപ്പുകളിലെ കാലാവസ്ഥ പ്രവചനകളൂം തമ്മിൽ വലിയ വൈരുധ്യങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഡൽഹിയിലെ ജനസാന്ദ്രത കൂടിയ കിഴക്കൻ ഡൽഹിയിലെ നന്ദ് നഗ്രിയിൽ സന്നദ്ധ സംഘടനയായ ഗ്രീൻപീസ് ഇന്ത്യയുടെ (Greenpeace India )സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. മൊബൈൽ ആപ്പുകൾ പ്രദേശത്തെ താപനില 42 ഡിഗ്രി സെൽഷ്യസ് എന്ന കാണിക്കുമ്പോൾ , കടുത്ത വെയിലിൽ റോഡുകളുടെ ഉപരിതല താപനില 65ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി തെർമൽ ക്യാമറകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തി. നേരിട്ട് വെയിൽ കൊള്ളുന്ന അന്തരീക്ഷ വായുവിന്റെ താപനില 48ഡിഗ്രി സെൽഷ്യസ് ആയിരിക്കുമ്പോഴാണ് മൊബൈൽ ആപ്പുകൾ 42ഡിഗ്രി സെൽഷ്യസ് മാത്രമായി രേഖപ്പെടുത്തുന്നത്.
ഔദ്യോഗിക കാലാവസ്ഥ കേന്ദ്രങ്ങൾ തണലുള്ള സ്ഥലങ്ങളിൽ തറ നിരപ്പിൽ നിന്ന് 1.2 മീറ്റർ ഉയരത്തിൽ ശാസ്ത്രീയമായി ക്രമീകരിച്ച ഉപകരണങ്ങൾ ഉപയോഗിച്ചാണ് അന്തരീക്ഷ താപനില അളക്കുന്നത് . എന്നാൽ കോൺക്രീറ്റ് കെട്ടിടങ്ങളും ടാർ റോഡുകളും നിറഞ്ഞ നഗര തെരുവുകളിൽ ജനങ്ങൾ അനുഭവിക്കുന്ന യഥാർത്ഥത്തിലുള്ള ചൂട് ഇതിലും വളരെ കൂടുതലാണ്.ടാറും മെറ്റലും സൂര്യപ്രകാശത്തെ വലിയ തോതിൽ ആഗിരണം ചെയ്തു പുറത്തു വിടുന്നതിനാലാണ് ഉപരിതല താപനില 65ഡിഗ്രി സെൽഷ്യസ് ആയി ഉയരുന്നത് . ഈ സമയത്ത് നഗ്നപാദരായി നടക്കുന്നവർക്ക് നിമിഷങ്ങൾക്കകം പൊള്ളലേൽക്കാൻ ഈ ചൂട് കാരണമാകും.
എന്നാൽ ഇതേ പ്രദേശത്തെ ഒരു മരത്തണലിലേക്ക് മാറിയപ്പോൾ ഉപരിതല താപനില 40ഡിഗ്രി സെൽഷ്യസായും അന്തരീക്ഷ താപനില 42ഡിഗ്രി സെൽഷ്യസായും കുറയുന്നതായി കണ്ടെത്തി. മരങ്ങൾ സൂര്യപ്രകാശത്തെ തടയുക മാത്രമല്ല വേരുകൾ വഴി വലിച്ചെടുക്കുന്ന ജലം ഇലകളിലൂടെ നീരാവിയായി പുറത്തു വിട്ട് അന്തരീക്ഷത്തെ തണുപ്പിക്കികയും ചെയ്യുന്നുണ്ട്. നഗരവൽക്കരണത്തിന്റെ പേരിൽ വലിയ തോതിൽ മരങ്ങൾ വെട്ടിമാറ്റിയത് ഡൽഹിയിലെ ചൂട് വൻതോതിൽ ഉയരുന്നതിന് കരണമായിട്ടുണ്ട്.എയർ കണ്ടീഷണറുകൾ ഉപയോഗിക്കാൻ സാഹചര്യമില്ലാത്ത സാധാരണക്കാരായ മനുഷ്യരാണ് ഈ ദുരിതത്തിന്റെ ഇരകളായി മാറുന്നത്.
വരും ദിവസങ്ങളിലും ചൂട് 40ഡിഗ്രി സെൽഷ്യസിന് മുകളിൽ തന്നെ തുടരുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്ന സാഹചര്യത്തിൽ നഗരങ്ങളിലെ ഹരിതവൽക്കരണം ഉറപ്പാക്കുകയും മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യണ്ടത് നിലനിൽപ്പിന് അനിവാര്യമാണ്.









0 comments