മൂടൽമഞ്ഞ്; ഡൽഹി വിമാനത്താവളത്തിൽ 97 വിമാന സർവീസുകൾ റദ്ദാക്കി, 200ലധികം സർവീസുകൾ വൈകി

ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞതിനാൽ 97 വിമാനങ്ങൾ റദ്ദാക്കി. 200ലധികം വിമാനങ്ങളാണ് വൈകിയത്. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 49 വിമാനങ്ങളും ഡൽഹിയിലേക്ക് വരേണ്ടിയിരുന്ന 48 വിമാനങ്ങളും റദ്ദാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 200ലധികം വിമാനങ്ങൾ വൈകിയതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ24.കോം റിപ്പോർട്ട് ചെയ്തു.
ഭൂരിഭാഗം വിമാനങ്ങളും 30 മിനിറ്റാണ് വൈകിയത്. നിലവിൽ സ്ഥിതികൾ നിയന്ത്രണവിധേയമാണെന്നും സർവീസുകൾ സാധാരണ നിലയിലായെന്നും ഡൽഹി എയർപോർട് വക്താവ് എക്സിൽ പറഞ്ഞു. ഏകദേശം 1,300 സർവീസുകളാണ് ഒരു ദിവസം ഡൽഹി വിമാനത്താവളം വഴിയുള്ളത്. കനത്ത മൂടൽമഞ്ഞ് കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വിമാന സർവീസുകൾ തടസപ്പെട്ടിരുന്നു. ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള 66 വിമാനങ്ങളാണ് റദ്ദാക്കിയത്. മൂടൽമഞ്ഞ് കാരണം ഡൽഹി നഗരത്തിൽ ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.










0 comments