ഡെറാഡൂണിൽ മാധ്യമപ്രവർത്തകനെ വീട്ടിൽക്കയറി മർദ്ദിച്ചു കൊന്നു; രണ്ട് പേർ പിടിയിൽ

ഡെറാഡൂൺ: ഡെറാഡൂണിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. സുഭാഷ് നഗർ സ്വദേശിയായ സുഭാഷ് ഗുപ്ത (45) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഇദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീടിനുള്ളിൽ വെച്ച് സുഭാഷിനെ പ്രതികൾ ചവിട്ടുകയും നെഞ്ചിലും വയറ്റിലും മാരകമായി മർദ്ദിക്കുകയും ചെയ്തതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിംഗ് അറിയിച്ചു. പ്രതികളായ സാഹിൽ, വികാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രാത്രി സുഭാഷിന്റെ വീട്ടിലെത്തിയ പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. കൊലപാതകത്തിന് പിന്നിൽ മറ്റ് ഗൂഢാലോചനകളുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
മാധ്യമപ്രവർത്തകന്റെ കൊലപാതകത്തിൽ ഡെറാഡൂണിലെ പത്രപ്രവർത്തക യൂണിയനുകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉത്തരാഖണ്ഡിൽ ക്രമസമാധാന നില തകരാറിലായെന്നും മാധ്യമപ്രവർത്തകർക്ക് പോലും സുരക്ഷയില്ലാത്ത സാഹചര്യമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
സംഭവത്തിൽ കർശനമായ അന്വേഷണം വേണമെന്നും പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും മാധ്യമ സംഘടനകൾ ആവശ്യപ്പെട്ടു.










0 comments