പ്രണയം എതിർത്തതിന് പിതാവിനെ കൊലപ്പെടുത്തി; ബന്ധം തകർന്നപ്പോൾ കുറ്റസമ്മതം, വർഷങ്ങൾക്ക് ശേഷം അറസ്റ്റ്

അറസ്റ്റിലായ ആശിഷ് ഷെഡ്മാകെ (ഇടത്) ആര്യ ജയന്ത് ബല്ലാവര്‍ (വലത്)
മുംബൈ: പിതാവിന് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ മകളും ഭർത്താവും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് സംഭവം. ഹെഡ് കോൺസ്റ്റബിളായ ജയന്ത് ബല്ലാവറിന് മിൽക്ക് ഷെയ്ക്കിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ 3 വർഷത്തിന് ശേഷമാണ് മകൾ ആര്യ ജയന്ത് ബല്ലാവറും ഭർത്താവ് ആശിഷ് ഷെഡ്മാകെയും അറസ്റ്റിലായത്. ഇവർക്ക് സഹായിയായ ചൈതന്യയെയും പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഇതരമതസ്ഥനുമായുള്ള പ്രണയം പിതാവ് എതിർത്തതാണ് കൊലപാതകത്തിന് കാരണമായത്. 2023 ഏപ്രിലിലായിരുന്നു ജയന്ത് കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്ക് പോകാൻ തയാറായ പിതാവിന് മകൾ ആര്യ മിൽക്ക് ഷേക്ക് നൽകി. ഡ്യൂട്ടിക്കിടെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ എത്തിയപ്പോൾ കുഴഞ്ഞുവീണ ജയന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുറ്റകൃത്യം കണ്ടെത്താൻ സാധിക്കാത്തതിനാൽ അന്ന് കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം ആര്യയുടെ ഭർത്താവ് ആശിഷ് ഷെഡ്മാകെ നടത്തിയ ഏറ്റുപറച്ചിലിലാണ് മകളുടെ ക്രൂരകൃത്യം പുറംലോകം അറിഞ്ഞത്.
ആര്യ ബല്ലാവർ 2022 മുതൽ പൊലീസ് ഉദ്യോഗസ്ഥനായ ആശിഷ് ഷെഡ്മാകെയുമായി പ്രണയത്തിലായിരുന്നു. ജയന്ത് ബല്ലാവർ ഈ ബന്ധത്തെ എതിർത്തിരുന്നു. തുടർന്ന്, പിതാവിനെ ഇല്ലാതാക്കാൻ ആര്യയും താനും തീരുമാനിക്കുകയായിരുന്നുവെന്ന് ആശിഷ് പറയുന്നു. വിഷം വാങ്ങാനായി ആര്യ തന്റെ ബന്ധുവായ ചൈതന്യ ഗേദമിനെ ബന്ധപ്പെടുകയും 5,000 രൂപ നൽകുകയും ചെയ്തതായി ആശിഷ് വെളിപ്പെടുത്തി. പിതാവിന്റെ മരണം ഉറപ്പാക്കിയതിന് ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു.
എന്നാൽ പതിയെ ആ ബന്ധത്തിൽ വിള്ളൽ വീഴുകയായിരുന്നുവെന്നും ആശിഷ് കൂട്ടിച്ചേർത്തു. പിന്നാലെയാണ് പോലീസിന് മുൻപിലെത്തി കുറ്റസമ്മതം നടത്തിയത്. അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവും കാരണം ആശിഷിന്റെ പൊലീസ് പരിശീലനം നിർത്തലാക്കിയിരുന്നു. ഭർതൃഗൃഹത്തിലേക്ക് താമസം മാറുന്നതിനു പകരം സ്വന്തം വീട്ടിൽ താമസിക്കാൻ ആര്യ തീരുമാനിച്ചു. ഈ വിഷയങ്ങൾ ബന്ധത്തെ കൂടുതൽ വഷളാക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.









0 comments