‘ട്രെയിനിൽ ചുറ്റും പുരുഷന്മാർ, എനിക്ക് പേടിയാകുന്നു’: സന്ദേശത്തിന് പിന്നാലെ 20കാരി റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ

വിശാഖപട്ടണം: നർത്തകിയായ 20കാരിയെ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. വിശാഖപട്ടണത്തിലാണ് സംഭവം.
നൃത്ത പരിപാടിക്കെത്തി മടങ്ങുകയായിരുന്ന അസം സ്വദേശിയായ 20 കാരിയെയാണ് ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗുവാഹത്തിയിലെ ബി ബറൂവ കോളേജ് വിദ്യാർഥിനിയും കാമരൂപ് ജില്ലയിൽ നിന്നുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ടതുമായ പെൺകുട്ടിയാണ് മരിച്ചത്. ഒക്ടോബർ 10ന് ഗുവഹാത്തിയിൽ നടക്കാനിരിക്കുന്ന ബാങ്ക് പരീക്ഷ എഴുതുന്നതിനായാണ് പെൺകുട്ടി നാട്ടിലേക്ക് തിരിച്ചത്. തത്കാൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഒക്ടോബർ 5ന് രാത്രി 11.50ഓടെ വിശാഖപട്ടണം സ്റ്റേഷനിൽ നിന്ന് ഡിബ്രൂഗഡ് വിവേക് എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ കയറി.
യാത്രയ്ക്കിടെ കോച്ചിൽ കനത്ത തിരക്കാണെന്നും തനിക്ക് ചുറ്റും ഭൂരിഭാഗവും പുരുഷന്മാരായ യാത്രക്കാരാണെന്നും അതിനാൽ തനിക്ക് ഭയമാകുന്നുവെന്നും ഇവർ സുഹൃത്തുക്കൾക്കും കുടുംബത്തിനും സന്ദേശമയച്ചിരുന്നു. "എനിക്ക് ചുറ്റും ഒരുപാട് പുരുഷന്മാരുണ്ട്" എന്നായിരുന്നു വീട്ടുകാർക്ക് ലഭിച്ച അവസാന സന്ദേശം.
ഒക്ടോബർ 6 ന് പുലർച്ചെ 2.39നാണ് പെൺകുട്ടി അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. അതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. തുടർന്ന് മാതാവ് ഗുവാഹത്തി റെയിൽവേ പൊലീസിലും 139 ഹെൽപ്പ് ലൈൻ വഴിയും പരാതി നൽകി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബാഗും സാധനങ്ങളും വിവേക് എക്സ്പ്രസിന്റെ S2 കോച്ചിൽ നിന്ന് കണ്ടെത്തി.
തുടർന്ന് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ മലയാപുരത്തിന് സമീപമുള്ള കാട്ടുപ്രദേശത്തെ റെയിൽവേ ട്രാക്കിന് അരികിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടി ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതാണോ അതോ മറ്റെന്തെങ്കിലും അക്രമം നടന്നതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ പെൺകുട്ടിയുടെ മരണകാരണം വ്യക്തമാകൂ. കൂടാതെ, വിശാഖപട്ടണം പ്ലാറ്റ്‌ഫോമിൽ പെൺകുട്ടിക്കൊപ്പം ഒരു അപരിചിതൻ നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടിട്ടുണ്ടെന്നും ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.









0 comments