print edition തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കും: ഡി രാജ

ന്യൂഡൽഹി: കേരളത്തിലെ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയം സംസ്ഥാനതലത്തിൽ വിശദമായി പരിശോധിക്കുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. തെരഞ്ഞെടുപ്പ് ഫലം സിപിഐയുടെ ദേശീയ കൗൺസിൽ വിലയിരുത്തി.
സംസ്ഥാനതലത്തിൽ വിശദമായ വിലയിരുത്തൽ നടത്തി പ്രതിസന്ധി മറികടക്കും. ദേശീയ കൗൺസിൽ യോഗത്തിൽ കേരളത്തിൽനിന്നുള്ളവർ പങ്കെടുത്തില്ലെന്ന വാർത്ത അടിസ്ഥാനരഹിതമാണ്.
തമിഴ്‌നാട്ടിൽ അനിശ്ചിതത്വം ഉണ്ടാകാതിരിക്കാനും സാഹചര്യം ബിജെപി മുതലെടുക്കാതിരിക്കാനുമാണ് ഇടതുപക്ഷം ടിവികെയെ പുറത്തുനിന്ന് പിന്തുണച്ചത്. പുതുച്ചേരിയിൽ എൻഡിഎയ്‌ക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നു.
എന്നാൽ, സഖ്യകക്ഷികൾക്കെതിരെ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയത് തിരിച്ചടിയായി. അങ്ങേയറ്റം വർഗീയ പ്രചാരണം നടത്തിയാണ് അസമിൽ ബിജെപി വീണ്ടും ജയിച്ചത്.
പശ്ചിമ ബംഗാളിലെ തോൽവിക്കുശേഷം ബിജെപിക്കെതിരെ യോജിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ നേതാക്കൾ പറഞ്ഞു. ഇക്കാര്യത്തിൽ മമതയുടെ ഉപദേശം ഇടതുപക്ഷത്തിനാവശ്യമില്ല– ദേശീയ കൗൺസിലിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഡി രാജ പറഞ്ഞു.










0 comments