Deshabhimani

അടിച്ചമർത്തൽ കൊണ്ട് ജനങ്ങൾ ഭയന്ന് പിന്തിരിയില്ല; ഡൽഹി പൊലീസ് നടപടിയിൽ അപലപിച്ച് സിപിഐ എം പിബി

delhi

ഫോട്ടോ: പി വി സുജിത്ത്

വെബ് ഡെസ്ക്

Published on Oct 10, 2026, 01:20 PM | 1 min read

ന്യൂഡൽഹി: ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് അഴിച്ചുവിട്ട ക്രൂരമായ അടിച്ചമർത്തലിനെ അപലപിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടും, വൻതോതിലുള്ള വോട്ടവകാശ നിഷേധത്തിന് കാരണമായ എസ്‌ഐആർ പിൻവലിക്കണമെന്നും, മറ്റു തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം


ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടും, മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിട്ടും, പൊതുഗതാഗതം പൂർണമായി തടഞ്ഞിട്ടും കർഫ്യൂ ഏർപ്പെടുത്തിയിട്ടും, അടിച്ചമർത്തൽ നടപടികളെെയെല്ലാം അതിജീവിച്ച് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.


ജന്തർ മന്തറിൽ പ്രതിഷേധിച്ച സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം വി ഗോവിന്ദൻ, എ വി വിജയരാഘവൻ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, പി കെ ശ്രീമതി, തോമസ് ഐസക്, കെ എൻ ബാലഗോപാൽ, പി രാജീവ്, ജോൺ ബ്രിട്ടാസ് തുടങ്ങിയ പ്രമുഖ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.


ഇന്ദ്രജിത്ത് ഗുപ്ത റോഡിലെ ഹർകിഷൻ സിംഗ് സുർജിത് ഭവനിൽ നിന്ന് മാർച്ച് നടത്താൻ ശ്രമിച്ച മറ്റൊരു സംഘം നേതാക്കളായ ബി വി രാഘവലു, അരുൺ കുമാർ, വിജൂ കൃഷ്ണൻ, മറിയം ധാവളെ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ എ ആർ സിന്ധു, ലോകനാഥൻ തുടങ്ങിയവരെ മിന്റോ റോഡിന് സമീപത്തുവെച്ചും അറസ്റ്റ് ചെയ്തു. മുതിർന്ന നേതാവ് മാണിക് സർക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.


രാജ്യവ്യാപകമായി ഉയർന്നുവരുന്ന ജനരോഷം നരേന്ദ്ര മോദി സർക്കാരിനെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്. എന്നാൽ ഇത്തരം അടിച്ചമർത്തൽ നടപടികൾ കൊണ്ട് തെരുവിലിറങ്ങിയ ജനങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവില്ലെന്നും വ്യക്തം. ഡൽഹിയിലെ പാർടി ഓഫീസുകൾക്ക് മുന്നിൽ വൻതോതിൽ പൊലീസിനെ വിന്യസിച്ചും ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയും തടയാൻ ശ്രമിച്ചിട്ടും ജനങ്ങൾ പ്രതിഷേധവുമായി മുന്നോട്ടുവന്നു. അധികാരവും കരുത്തും പ്രകടിപ്പിക്കാനുള്ള അമിതാവേശത്തിൽ ബിജെപി സർക്കാർ, ജനാധിപത്യപരമായ ഭരണനിർവഹണത്തിലെ പൂർണ പരാജയവുമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home