Deshabhimani

print edition വേതന വർധനയ്‌ക്കുള്ള 
സമരം കുറ്റമല്ല: കോടതി

court judgment
വെബ് ഡെസ്ക്

Published on Sep 21, 2026, 01:30 AM | 1 min read

ന്യൂഡൽഹി: വേതന വർധന ആവശ്യപ്പെടുന്നതും തൊഴിലാളികളെ ജനാധിപത്യപരമായി അണിനിരത്തുന്നതും കുറ്റകരമല്ലെന്ന്‌ ഗുരുഗ്രാം സെഷൻസ് കോടതി. വേതന വർധനയ്‌ക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കുമായി സമരം ചെയ്‌തെന്നുകാട്ടി ഹരിയാന പൊലീസ്‌ ജയിലിലടച്ച തമിഴ്‌നാട്‌ സ്വദേശി ആദിത്യ ആനന്ദിന്‌ ജാമ്യം നൽകവേയാണ്‌ കോടതിയുടെ നിരീക്ഷണം. ഏപ്രിലിൽ ഐഎംടി മനേസറിലെ റിച്ച ഗ്ലോബൽ എക്‌സ്‌പോർട്ടിൽ ഏഴായിരത്തോളം കരാർ തൊഴിലാളികൾ നടത്തിയ പ്രക്ഷോഭത്തിന്റെ പേരിലായിരുന്നു അറസ്‌റ്റ്‌.


ജംഷഡ്പൂർ എൻഐടിയിൽനിന്ന്‌ എൻജിനിയറിങ്‌ ബിരുദം നേടിയ ആനന്ദ്‌, തൊഴിലാളികളെ സംഘർഷത്തിന്‌ പ്രേരിപ്പിച്ചെന്ന പൊലീസ്‌ വാദം കോടതി തള്ളി. തൊഴിലാളികളിൽ അവകാശങ്ങളെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതും ജനാധിപത്യപരമായി വേതനവർധനയ്‌ക്ക്‌ ശബ്ദമുയർത്താൻ പ്രേരിപ്പിക്കുന്നതും എങ്ങനെ കുറ്റകരമാകുമെന്ന്‌ ജഡ്‌ജി ഗഗൻ ഗീത് കൗർ ചോദിച്ചു. വിലക്കയറ്റവും ജീവിത സാഹചര്യങ്ങളും കാരണം തൊഴിലാളികളോ ജീവനക്കാരോ വേതനം വർധിപ്പിക്കാൻ ആവശ്യപ്പെടുന്നതും സമരം നടത്തുന്നതും കുറ്റമായി കാണാനാകില്ലെന്നും ഉത്തരവിൽ പറഞ്ഞു. ആനന്ദിനെ ഉടൻ മോചിപ്പിക്കാനും ഉത്തരവിട്ടു.


പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ഏപ്രിൽ ഏഴിനും ഒമ്പതിനും ഇടയിൽ ആനന്ദ്‌ മനേസറിലുണ്ടെന്ന്‌ തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളോ ഫോട്ടോയോ ഇല്ലെന്ന് പൊലീസ്‌ തന്നെ സമ്മതിച്ചെന്ന്‌ കോടതി പറഞ്ഞു. ​നേരത്തെ നോയ്‍‍ഡ പ്രക്ഷോഭത്തിന്റെ പേരിൽ ആനന്ദിനെ യുപി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. പൊലീസിന്റെ കടുത്ത മർദനം സുപ്രീംകോടതിയിൽ പുറത്തുവരികയും ആനന്ദിന്‌ ജാമ്യം ലഭിക്കുകയുമായിരുന്നു. മാന്യമായ വേതന വർധനയ്‌ക്കാണ്‌ സമരം ചെയ്‌തതെന്നും ഇടത്‌ ആശയം ആരെയും ക്രിമിനലാക്കില്ലെന്നുമാണ്‌ അന്ന്‌ യുപി സർക്കാരിനെ വിമർശിച്ച്‌ സുപ്രീംകോടതി നിരീക്ഷിച്ചത്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home