Deshabhimani

എസ്ഐആ‍‍ര്‍: ചീഫ് ഇലക്ഷൻ കമ്മീഷണര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി

CEC SC
വെബ് ഡെസ്ക്

Published on Sep 24, 2026, 03:04 PM | 2 min read

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി സമര്‍പ്പിക്കാൻ നീക്കം. ഇതിനായി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകൻ ബ്രജേഷ് സിങ് അറ്റോര്‍ണി ജനറലിന്റെ അനുമതി തേടി. തെരഞ്ഞെടുപ്പ് കമ്മീഷനിൽ ബഹു അംഗ ഭരണ സ്വഭാവം നഷ്ടപ്പെട്ടതായുള്ള മാധ്യമ റിപ്പോര്‍ടുകളുടെ അടിസ്ഥാനത്തിലാണ് നീക്കം.


സഹപ്രവര്‍ത്തകരായ കമ്മീഷണര്‍മാരെ ഒഴിവാക്കി 'ഫുൾ കമ്മീഷൻ' എന്ന പേരിൽ ഏകപക്ഷീയമായി തീരുമാനങ്ങൾ പുറപ്പെടുവിക്കുന്നത് ആര്‍ട്ടിക്കിൾ 141 പ്രകാരം സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുള്ള ഉത്തരവിനോടുള്ള ബോധപൂര്‍വമായ ലംഘനമാണ്. ഭരണഘടനാ സ്ഥാപനമായ കമ്മീഷനെ വ്യക്തി കേന്ദ്രീകൃത സ്വേഛാധിപത്യമാക്കി മാറ്റുക വഴി ചീഫ് ഇലക്ഷൻ കമ്മീഷണര്‍ സ്ഥാപനത്തിന്റെ അധികാരത്തെയും നിഷ്പക്ഷതയെയും തെരഞ്ഞെടുപ്പ് തത്വങ്ങളെയും ചോദ്യം ചെയ്തിരിക്കയാണ് എന്നിങ്ങനെയാണ് പാരാതി.


സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹര്‍ജി ഫയൽ ചെയ്യുന്നതിന് മുമ്പ് അറ്റോര്‍ണി ജനറലിന്റെ മുൻകൂര്‍ അനുമതി നിയമപരമായി ലഭ്യമാവേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് അഭിഭാഷകൻ അനുമതി ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.


മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ എങ്കിലും സിഇസിയുടെ നടപടികളിൽ രേഖാമൂലം എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.


വോട്ടര്‍ രജിസ്ട്രേഷൻ സോഫ്റ്റ്‌വെയറിൽ വരുത്തിയ നിര്‍ണായക മാറ്റങ്ങൾ, ഐടി കേന്ദ്രം ഇടപെട്ട് വരുത്തിയ ഫോം 6 ലെ നിയമ വിരുദ്ധമായ പരിഷ്കാരങ്ങൾ, വോട്ടര്‍മാരുടെ ഏകപക്ഷീയമായ ചേര്‍ക്കലും വെട്ടിമാറ്റലും എന്നിവയിൽ എല്ലാം ഏകപക്ഷീയത തുടര്‍ന്നു. ഇക്കാര്യങ്ങളും ഹര്‍ജിയിൽ ബ്രജേഷ് സിങ് ചൂണ്ടികാണിക്കുന്നു.


Related News

കമ്മീഷൻ തികച്ചും ഭരണഘടനാപരമായ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണം എന്നു വ്യക്തമാക്കുന്ന 'ടി.എൻ. ശേഷൻ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ', 'അനൂപ് ബരൺവാൾ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ' കേസുകളിലെ സുപ്രീം കോടതി വിധികൾ ലംഘിക്കുന്നതാണ് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ നടപടികൾ. ചീഫ് ഇലക്ഷൻ കമ്മീഷണര്‍ സമൻമാരിൽ ആദ്യൻ (primus inter pares) മാത്രമാണെന്നും അദ്ദേഹത്തിന് കേവലമായ അനാവശ്യ അധികാരങ്ങൾ ഇല്ലെന്നും പരാതിക്കാരൻ ഓര്‍മപ്പെടുത്തുന്നു.


അറ്റോര്‍ണി ജനറൽ അനുമതി നിഷേധിച്ചാലും വിഷയത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് സുപ്രീം കോടതിക്ക് വേണമെങ്കിൽ ഇടപെടാം. പൊതു താത്പര്യ ഹര്‍ജിയും റിട്ട് ഹര്‍ജിയും സമര്‍പ്പിക്കയും ചെയ്യാം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു വ്യക്തിയല്ല, മറിച്ച് 'ബഹു അംഗ സമിതി' ആയി കൂട്ടായ്മയോടെ പ്രവർത്തിക്കണമെന്ന് അനൂപ് ബരൺവാൾ കേസിൽ സുപ്രീം കോടതി വ്യക്തമായി ഉത്തരവിട്ടിട്ടുള്ളതാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home