കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി; ഇന്‍കം ടാക്സ് റെയ്ഡിനിടെ സ്വയം വെടിവെച്ചു

സി ജെ റോയ്
ബംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്‍റെ ഉടമയുമായ ഡോ. സി ജെ റോയ് (56) ആത്മഹത്യ ചെയ്തു. ബംഗളൂരുവില്‍ ഇന്‍കം ടാക്സ് (ഐ ടി) പരിശോധന നടത്തുന്നതിനിടെയാണ് ജീവനൊടുക്കിയത്.
സി ജെ റോയിയുടെ ബംഗളൂരുവിലെ ഓഫീസിലും കഫേയിലും വെള്ളിയാഴ്ച ഐ ടി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സെൻട്രൽ ബംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള കോർപറേറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ഉദ്യോഗസ്ഥർ ചില രേഖകൾ ആവശ്യപ്പെട്ടപ്പോൾ അവ എടുത്ത് നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. അവിടെ വെച്ച് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലാണ് വെടിവെച്ചത്. ഉടൻ തന്നെ എച്ച്എസ്ആർ ലേഔട്ടിലെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെടിവെച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഐ ടി ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങളിൽ നേരത്തെയും ഐ ടി ഉദ്യോഗസ്ഥര്‍ പരിശോധനകൾ നടന്നിരുന്നു. കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് ബംഗളൂരുവില്‍ പരിശോധന നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സി ജെ റോയ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് കോടതി സ്റ്റേ അനുവദിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതി സ്റ്റേ പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും പരിശോധനകള്‍ ആരംഭിച്ചത്.
തൃശൂര്‍ സ്വദേശിയായ സി ജെ റോയിക്ക് കേരളത്തിലുൾപ്പെടെ നിരവധി സംരംഭങ്ങളുണ്ട്. കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന് 160ല്‍ ഏറെ പ്രൊജക്ടുകള്‍ ബംഗളൂരുവില്‍ മാത്രമുണ്ട്. ഗള്‍ഫ് മേഖലയിലും നിക്ഷേപങ്ങളുണ്ട്.
സിനിമാ നിര്‍മാണ രംഗത്തും സി ജെ റോയ് സജീവമായിരുന്നു. കാസനോവ, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഐഡന്‍റിറ്റി, അനോമി എന്നീ സിനിമകളുടെ സഹനിർമാതാവാണ്. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവെച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. ഏവിയേഷൻ, വിദ്യാഭ്യാസം, റീട്ടെയിൽ, സ്പോര്‍ട്സ് തുടങ്ങിയ രംഗങ്ങളിലും പ്രവർത്തനം വ്യാപിപ്പിച്ചു.
ലിനിയാണ് ഭാര്യ. മക്കൾ: രോഹിത്, റിയ.









0 comments