Deshabhimani

print edition ഡൽഹിയിലെ പൊലീസ് അതിക്രമം: അപലപിച്ച്‌ ബ്രസീൽ, ഗ്രീസ്‌, തുർക്കിയ കമ്യൂണിസ്‌റ്റ്‌ പാർടികൾ

delhi jantarmantar 2.0 protest
വെബ് ഡെസ്ക്

Published on Oct 13, 2026, 01:31 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ മുതിർന്ന സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ ശക്തമായി അപലപിച്ച് ബ്രസീൽ, ഗ്രീസ്, തുർക്കിയ എന്നീ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർടികൾ. സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് മൂന്ന് പാർടികളും പ്രത്യേക പ്രസ്താവനകൾ പുറപ്പെടുവിച്ചു. പൊലീസ് നടപടിയെ തുർക്കിയ കമ്യൂണിസ്റ്റ് പാർടി (ടികെപി) കേന്ദ്ര കമ്മിറ്റി രൂക്ഷമായി വിമർശിച്ചു.


സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള മുതിർന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ ടികെപി അപലപിച്ചു. തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക്കെതിരെയുള്ള അടിച്ചമർത്തലിന്റെ തെളിവാണിതെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ ഇടപെടലുകളിൽ ബ്രസീൽ കമ്യൂണിസ്റ്റ് പാർടി ഉത്കണ്ഠ രേഖപ്പെടുത്തി.


പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് വാഹനങ്ങളിൽ കയറ്റുകയും കസ്റ്റഡിയിലെടുത്ത നേതാക്കൾക്ക് മണിക്കൂറുകളോളം ഭക്ഷണവും വെള്ളവും അവശ്യ മരുന്നുകളും നിഷേധിക്കുകയും ചെയ്‌തു. വനിതാ നേതാക്കൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലും നിഷേധിച്ചതായും ബ്രസീൽ കമ്യൂണിസ്‌റ്റ്‌ പാർടി എടുത്തുപറഞ്ഞു. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തെ ഗ്രീസ് കമ്യൂണിസ്റ്റ് പാർടി (കെകെഇ)യും അപലപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home