ad
Deshabhimani

കലാവസ്ഥാ വ്യതിയാനം; ഏറ്റവും അധികം ബാധിക്കുന്നത് ദുര്‍ബല വിഭാഗങ്ങളെ- പഠനം

climate change

Picture Courtesy UN, What Is Climate Change

avatar
എൻ എ ബക്കർ

Published on Apr 08, 2026, 04:29 PM | 2 min read

കാലാവസ്ഥാ വ്യതിയാനവും അത് ജനജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെയും വ്യക്തികളുടെ അധ്വാനശേഷിയെയും സാരമായി ബാധിക്കുന്നതായി പഠനം. 2021-ൽ മാത്രം കഠിനമായ ചൂട് കാരണം ഇന്ത്യയിൽ ഏകദേശം 16,000 കോടി (160 Billion) പ്രവൃത്തി മണിക്കൂറുകൾ നഷ്ടപ്പെട്ടു. ജിഡിപിയിൽ ഇതിന്റെ ആഘാതം വലുതാണ്. ഈ തൊഴിൽ നഷ്ടം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 5.4 ശതമാനത്തിന് തുല്യമാണ്.


ക്ലൈമറ്റ് റൈസ് അലയൻസ് (ClimateRISE Alliance), ദാസ്ര (Dasra) എന്നിവർ ചേർന്ന് പുറത്തിറക്കിയ 'Under the Weather: India's Climate-Health Intersections and Pathways to Resilience' എന്ന റിപ്പോർട്ടിലാണ് പ്രധാന കണ്ടെത്തലുകൾ.


അമിതമായ ചൂട് ഇന്ത്യയുടെ അധ്വാനശേഷിയെയും സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുന്നു. ചൂട് കൂടുന്തോറും ഹൃദയസംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട് പറയുന്നു. ഉഷ്ണതരംഗങ്ങൾ (Heatwaves) ഉണ്ടാകുമ്പോൾ ഹൃദയസ്തംഭനം മൂലമുള്ള മരണസാധ്യതയിൽ 11.7 ശതമാനം വർദ്ധനവ് ഉണ്ടാകുന്നു. ഇന്ത്യയിലെ ആകെ മരണങ്ങളിൽ 28% മുതൽ 30% വരെ ഹൃദ്രോഗം മൂലമാണെന്നിരിക്കെ, കാലാവസ്ഥാ വ്യതിയാനം ഈ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നു.


ദുര്‍ബലരായവരെ കൂടുതൽ ബാധിക്കുന്നു


ഗർഭിണികളെയും നവജാതശിശുക്കളെയും ചൂട് ഗുരുതരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഗർഭിണികൾ ഓരോ വർഷവും ശരാശരി 6 ദിവസം അധികമായി അപകടകരമായ അളവിലുള്ള ചൂട് അനുഭവിക്കേണ്ടി വരുന്നു. ഉഷ്ണതരംഗങ്ങൾ കാരണം അകാല പ്രസവത്തിനുള്ള (Preterm birth) സാധ്യത 16 ശതമാനം വർദ്ധിക്കുന്നു. കൂടാതെ, ഗർഭസ്ഥ ശിശുവിന്റെ മരണം (Stillbirth), നവജാതശിശുക്കൾ ആശുപത്രിയിലാകുന്നത് എന്നിവയ്ക്കും ഇത് കാരണമാകുന്നു.


കാലാവസ്ഥാ വ്യതിയാനം എല്ലാവരെയും ഒരേപോലെയല്ല ബാധിക്കുന്നത്. സമൂഹത്തിലെ നിലവിലുള്ള അസമത്വങ്ങളെ ഇത് കൂടുതൽ വഷളാക്കുന്നു. സ്ത്രീകൾ, കുട്ടികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, ഗ്രാമീണ ജനത, മികച്ച ആരോഗ്യ സൗകര്യങ്ങൾ ലഭ്യമല്ലാത്തവർ എന്നിവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നിലവിലുള്ള ദാരിദ്ര്യത്തെയും ആരോഗ്യപ്രശ്നങ്ങളെയും ഇത് ഇരട്ടിയാക്കുന്നു.


കാലാവസ്ഥാ വ്യതിയാനത്തെ കേവലം പരിസ്ഥിതി പ്രശ്നമായി കാണാതെ, പൊതുജനാരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയുമായി ചേർത്ത് കാണണമെന്നാണ് റിപ്പോർട്ട് നിർദ്ദേശിക്കുന്നത്. കാലാവസ്ഥാ പ്രവർത്തനങ്ങളും ആരോഗ്യ സംവിധാനങ്ങളും കൈകോർക്കണം.


കഠിനമായ കാലാവസ്ഥയെ നേരിടാൻ സമൂഹത്തെ പ്രാപ്തരാക്കുന്നതിലൂടെ ഉൽപ്പാദനക്ഷമതയും ആരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് റിപ്പോര്‍ട്ട് പ്രത്യാശ പ്രകടിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന ചൂട് ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെയും ജനങ്ങളുടെ ജീവനെയും നേരിട്ട് ബാധിക്കുന്ന ഒരു വലിയ വിപത്തായി മാറിയിരിക്കുകയാണ്- റിപ്പോര്‍ട് പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home