സ്കൂള്‍ ഹോസ്റ്റലില്‍ ഒമ്പതാം ക്ലാസ് വിദ്യാർഥികള്‍ക്ക് സീനിയേഴ്സിന്‍റെ മർദനം; 27 പേർക്ക് പരിക്ക്

ഭുവനേശ്വർ: ഒഡിഷയിലെ റായഗഡ ജില്ലയിൽ സർക്കാർ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഒമ്പതാംക്ലാസ് വിദ്യാർഥികളെ പത്താംക്ലാസ് വിദ്യാർഥികൾ മർദിച്ചതായി പരാതി. 27 വിദ്യാർഥികൾക്കാണ് മർദനമേറ്റത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
പട്ടികവർഗ–പട്ടികജാതി വികസന, ന്യൂനപക്ഷ–പിന്നാക്കവിഭാഗ ക്ഷേമ വകുപ്പിന് കീഴിലുള്ള റാവിൽക്കോണ ഗവൺമെന്റ് ഹൈസ്കൂളിലെ ഹോസ്റ്റലിൽ ഞായറാഴ്ചയാണ് സംഭവം. സ്കൂൾ ഹെഡ്മാസ്റ്റർ ചൊവ്വാഴ്ച ചന്ദിലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കളിസ്ഥലത്തുനിന്ന് ഹോസ്റ്റലിലേക്ക് മടങ്ങാൻ വൈകിയെന്ന് ആരോപിച്ച് പത്താംക്ലാസ് വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ ശകാരിച്ചു. ഇതിനെ ഒമ്പതാംക്ലാസ് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ സീനിയർ സംഘം മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ജൂനിയർ വിദ്യാർഥികൾ സ്കൂൾ അധികൃതരോട് പരാതിപ്പെട്ടതിന് പിന്നാലെ പത്താംക്ലാസ് വിദ്യാർഥികൾ വീണ്ടും ആക്രമിച്ചു. മരത്തടികൾ ഉപയോഗിച്ചാണ് മർദിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസ് സ്കൂളിലെത്തിയപ്പോഴേക്കും പ്രതികളായ വിദ്യാർഥികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർക്ക് റായഗഡ ജില്ലാ ഭരണകൂടം കാരണം കാണിക്കൽ നോട്ടീസും നൽകി.










0 comments