എസ്ഐആർ റദ്ദാക്കുക, ഗ്യാനേഷ് കുമാർ രാജിവെക്കുക: നാളെ മുതല് രാജ്യവ്യാപക പ്രക്ഷോഭത്തിന് സിഐടിയു

ന്യൂഡൽഹി: എസ്ഐആർ റദ്ദാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് വെള്ളിയാഴ്ചമുതൽ രാജ്യവ്യാപകമായി പ്രക്ഷോഭവാരം സംഘടിപ്പിക്കാൻ സിഐടിയു. ഒക്ടോബർ 16 മുതൽ 23 വരെയാണ് പ്രക്ഷോഭം. തൊഴിലിടങ്ങളിലും തൊഴിലാളികളുടെ താമസമേഖലകളിലും ഗേറ്റ് യോഗങ്ങൾ, തെരുവുനാടകങ്ങൾ, പ്രതിഷേധ കൂട്ടായ്മകൾ, പൊതുയോഗങ്ങൾ എന്നിവ സംഘടിപ്പിക്കും. ഒക്ടോബർ 23ന് പീപ്പിൾസ് ഫോറം എഗെയ്ൻസ്റ്റ് എസ്ഐആറിന്റെ നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക സംയുക്ത പ്രതിഷേധത്തിൽ അണിചേർന്നാണ് പ്രക്ഷോഭവാരം സമാപിക്കുക.
എസ്ഐആർ നടപടിയിലൂടെ വോട്ടവകാശം നഷ്ടപ്പെട്ട മുഴുവൻ പൗരന്മാരുടെയും അവകാശം വീണ്ടെടുക്കാൻ തൊഴിലാളിവർഗം രംഗത്തിറങ്ങുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പ്രസ്താവനയിൽ വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡിസംബർ ഒന്നിന് ഒരുലക്ഷത്തിലധികം തൊഴിലാളികൾ ഡൽഹിയിലേക്ക് മാർച്ച് നടത്തും.
എസ്ഐആർ നടപടികളിലൂടെ 13 കോടി വോട്ടർമാർക്ക് വോട്ടവകാശം നഷ്ടമായെന്നാണ് സിഐടിയു ചൂണ്ടിക്കാട്ടുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളും കുടിയേറ്റ തൊഴിലാളികളുമാണ് പ്രധാനമായും ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. ഭരണഘടനാപരമായ വോട്ടവകാശം നിലനിർത്താൻ ദിവസവരുമാനം ഉപേക്ഷിച്ച് ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യമാണ് തൊഴിലാളികൾക്കുള്ളത്.
ലേബർ കോഡുകൾ നടപ്പാക്കുന്നതോടെ വോട്ടവകാശ നിഷേധം തൊഴിലാളികളുടെ സാമൂഹ്യസുരക്ഷാ അവകാശങ്ങളെയും ബാധിക്കുമെന്ന് സിഐടിയു മുന്നറിയിപ്പ് നൽകി. സാമൂഹ്യസുരക്ഷാ കോഡ് പ്രകാരം ക്ഷേമപദ്ധതികളിൽ അംഗങ്ങളാകാൻ കേന്ദ്രസർക്കാർ നിർദേശിക്കുന്ന തിരിച്ചറിയൽ രേഖ ആവശ്യമാണ്. എസ്ഐആർ മൂലം വോട്ടർപട്ടികയിൽനിന്ന് പുറത്താകുന്ന തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും മറ്റ് സർക്കാർ ക്ഷേമപദ്ധതികളും നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
കോടിക്കണക്കിന് തൊഴിലാളികളുടെയും സാധാരണക്കാരുടെയും വോട്ടവകാശം നിഷേധിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഗ്യാനേഷ് കുമാർ രാജിവയ്ക്കണം. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കുന്ന നടപടി ഇന്ത്യൻ ജനാധിപത്യത്തിനേറ്റ പ്രഹരമാണ്. ജന്തർ മന്തറിന്റെ പ്രതിഷേധകേന്ദ്രമെന്ന അംഗീകാരം റദ്ദാക്കിയ നടപടി ഡൽഹി പൊലീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പിൻവലിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു.
പ്രതിഷേധിച്ച വനിതകളെ ക്രൂരമായി മർദിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത മുഴുവൻ പ്രതിഷേധക്കാരെയും വിട്ടയക്കുകയും അവർക്കെതിരായ കേസുകൾ പിൻവലിക്കുകയും വേണം. പ്രതിഷേധിക്കാനുള്ള മൗലികാവകാശം തടസ്സമില്ലാതെ വിനിയോഗിക്കാൻ അവസരമൊരുക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.








0 comments