സിഐടിയു ഡൽഹി ചലോ മാർച്ച്: സ്വാഗത സംഘമായി

ന്യൂഡൽഹി: ഡിസംബർ ഒന്നു മുതൽ മൂന്നു വരെ നടക്കുന്ന സിഐടിയു ഡൽഹി ചലോ മാർച്ചിന്റെ വിജയത്തിനായി സ്വാഗത സംഘമായി. ഡൽഹി ഹർകിഷൻ സിങ് സുർജിത്ത് ഭവനിൽ ചേർന്ന യോഗത്തിൽ സാമ്പത്തിക വിദഗ്‌ധൻ പ്രഭാത് പട്‌നായിക്ക് ചെയർമാനായി 144 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജനറൽ സെക്രട്ടറി എളമരം കരീം സമിതിയുടെ ജനറൽ കൺവീനറാകും. പി വി അനിയനാണ് കൺവീനർ.

സഹ കൺവീനർമാരായി എ ആർ സിന്ധു, ആർ കരുമലയൻ, എൻ ഉമേഷ്, എം സായ്‌ബാബു എന്നിവരെയും തെരഞ്ഞെടുത്തു. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് സുദീപ് ദത്ത, എംപിമാരായ അക്രമറാം, എ എ റഹീം, വി ശിവദാസൻ, സു വെങ്കിടേശൻ, സച്ചിതാനന്ദം തുടങ്ങിയവരും പ്രവർത്തിക്കും. സ്വാഗത സംഘരൂപീകരണ യോഗത്തിൽ വർഗ ബഹുജന സംഘടനാനേതാക്കളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. സുദീപ് ദത്ത അധ്യക്ഷനായി.
ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് ഒരുലക്ഷം തൊഴിലാളികൾ അണിനിരക്കുന്ന സമരം. കേന്ദ്രസർക്കാരിന്റെ ലേബർ കോഡുകൾ ഉൾപ്പെടെയുള്ള തൊഴിലാളിവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. തലേന്ന് തന്നെ രാംരീല മൈതാനത്ത് തമ്പടിച്ചാണ് തൊഴിലാളികൾ പാർലമെന്റിലേക്ക് മാർച്ച് ചെയ്യുക. എവിടെ മാർച്ച് തടയുന്നുവോ അവിടെ കുത്തിയിരുന്ന് മൂന്നുനാൾ തൊഴിലാളികൾ സമരം തുടരും.









0 comments