Deshabhimani

print edition വിദ്യാർഥി-യുവജന പ്രക്ഷോഭം അടിച്ചമർത്താൻ നീക്കം; ഭയം, നിരീക്ഷണം

Gyanesh

ഗ്യാനേഷ്-കുമാറിന്റെ രാജി ആവശ്യമുന്നയിച്ച് ബംഗളൂരുവിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകളും കോക്രോച്ച് ജനതാ പാർടിയും ആരംഭിച്ച സംയുക്ത പ്രക്ഷോഭത്തിൽ സിജെപി സ്ഥാപകൻ അഭീജീത് ദിപ്കെ, യൂട്യൂബർ ധ്രുവ് റാഠി, നടൻ പ്രകാശ് രാജ്, എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് തുടങ്ങിയവർ

avatar
റിതിൻ പ‍ൗലോസ്‌

Published on Oct 09, 2026, 12:57 AM | 2 min read

ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജിക്കായി ഡൽഹിയിൽ പ്രക്ഷോഭം കനക്കവെ ഇടതുപക്ഷ സംഘടനകളുടെയും സിജെപിയുടെയും നേതാക്കളെ നീരീക്ഷണത്തിലാക്കിയും കസ്‌റ്റഡിയിൽ എടുത്തും കേന്ദ്ര ഇന്റലിജൻസും പൊലീസും. ഇടതുപക്ഷ യുവജന–വിദ്യാർഥി സംഘടനകളും സിജെപിയും ശനിയാഴ്‌ച ജന്തർമന്തറിൽ ആരംഭിക്കുന്ന സംയുക്ത പ്രക്ഷോഭത്തിന് തടയിടാനാണ് രഹസ്യനീക്കം.


വ്യാഴാഴ്‌ച രാത്രി എസ്‌എഫ്‌ഐ ഗുജറാത്ത്‌ സംസ്ഥാന സെക്രട്ടറി സത്യേശ ലേവ, എഐവൈഎ-ഫ്‌ യുപി സംസ്ഥാന പ്രസിഡന്റ്‌ ഫക്കീർ ആലം എന്നിവരെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തു. യുപിയിൽ എസ്‌എഫ്‌ഐ സഹാരൻപുർ ജില്ലാ കൺവീനർ ആരിഫിനെ വീട്ടിൽനിന്ന്‌ പിടിച്ചുകൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ തടവിലിട്ടു.


അഖിലേന്ത്യ കിസാൻ സഭ നേതാവ്‌ നേതാവ്‌ ദാവൂദ് റാവുവും തടവിലാണ്‌. പുണെയിൽനിന്ന് ഡൽഹിയിക്ക് പുറപ്പെട്ട മുപ്പതോളം എഐഎസ്എഫ് പ്രവർത്തകരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റുചെയ്‌തു.പ്രക്ഷോഭത്തിന്റെ ചാലകശക്തികൾ ഇടതുപക്ഷവും സിജെപിയുമാണെന്നാണ്‌ കേന്ദ്ര ഇന്റലിജൻസ്‌ നിഗമനം.


സിജെപിക്കുപുറമെ സിപിഐ എം, സിപിഐ എംഎൽ, എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്‌എഫ്‌, എഐവൈഎഫ്‌, ഐസ നേതാക്കളുടെ സഞ്ചാരവും പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നുണ്ട്‌. വെള്ളി രാത്രിമുതൽ ക‍ൂടുതൽ നേതാക്കളെ കരുതൽ തടങ്കലിലാക്കാനാണ്‌ ഡൽഹി പൊലീസിന്റെ നീക്കം.


ജന്തർമന്തറിലെ ശനിയാഴ്‌ചത്തെ പ്രക്ഷോഭത്തിന്‌ ആളെത്തുന്നത്‌ തടയാൻ ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും നീക്കം തുടങ്ങി. ​യുപിയിൽ എസ്‌എഫ്‌ഐ നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിൽ പൊലീസ്‌ റെയ്‌ഡ്‌ നടത്തി.

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്‌ദുൾ വഹാബ്‌ അടക്കമുള്ളവരെ സമരത്തിൽനിന്ന്‌ പിൻമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ ഫോണിൽ പൊലീസ് ഭീഷണി തുടരുകയാണ്‌.


ആയിരക്കണക്കിന്‌ വിദ്യാർഥികളും യുവജനങ്ങളും കേരളത്തിൽനിന്ന്‌ ഡൽഹിയിലെത്തുമെന്നും ഇവരെ എത്തിക്കുന്നവരെക്കുറിച്ച് സംസ്ഥാന പൊലീസിൽനിന്ന്‌ ഇന്റലിജൻസ്‌ വിവരം ശേഖരിക്കുകയാണെന്നും ആർഎസ്‌എസ്‌ മുഖമാസിക ഓർഗനൈസർ റിപ്പോർട്ട്‌ചെയ്‌തു.

പ്രക്ഷോഭത്തെ കായികമായി നേരിടാൻ ബജ്‌റംഗ്‌ദൾ ഉൾപ്പെടെ തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകരും കൂട്ടമായി ഡൽഹിയിക്ക്‌ നീങ്ങുന്നുണ്ട്‌. രാജസ്ഥാനിൽനിന്നും ഹരിയാനയിൽനിന്നും പ്രവർത്തകർ തിരിച്ചതായാണ്‌ റിപ്പോർട്ട്‌. സമൂഹമാധ്യമങ്ങളിലും ഭീഷണിയുണ്ട്‌.


ബംഗളൂരുവിലും പ്രതിഷേധം


‘നരേന്ദ്രമോദി വോട്ടുകള്ളൻ, കോടിക്കണക്കിനാളുകളുടെ വോട്ടവകാശം കവർന്ന ഗ്യാനേഷ്‌ രാജിവയ്‌ക്കൂ, ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും വേട്ടയാടുന്നത്‌ നിർത്തൂ’ തുടങ്ങിയ മുദ്രാവാക്യവുമായി ബംഗളൂരുവിൽ ആയിരങ്ങളുടെ പ്രതിഷേധം. ഫ്രീഡം പാർക്കിലെ പ്രതിഷേധത്തിൽ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്, എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌, മോദിയുടെ കണ്ണിലെ കരടായ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി, സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ തുടങ്ങിയവർ പങ്കെടുത്തു. ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ്, ഡോ. ബി ആർ അംബേദ്‌കർ എന്നിവരുടെ ചിത്രങ്ങളേന്തിയ പ്ലക്കാർഡുകളുമായാണ്‌ പ്രക്ഷോഭകരെത്തിയത്.


എസ്‌എഫ-്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരും പതാകയുമായെത്തി. എസ്ഐആർ പൂർണമായി പിൻവലിക്കുംവരെ സമരം തുടരുമെന്ന്‌ നേതാക്കൾ കൈകകോർത്ത് പ്രഖ്യാപിച്ചു. ‘ആരാണ്‌ ഭരിക്കേണ്ടതെന്ന്‌ ജനങ്ങളാണ് തീരുമാനിക്കേണ്ടത്‌. എന്നാൽ ഇപ്പോൾ ആരൊക്കെ വോട്ടുചെയ്യണമെന്ന്‌ സർക്കാർ തീരുമാനിക്കുന്നു.


എസ്‌ഐആർ പൂർണമായി റദ്ദാക്കണം’–പ്രകാശ് രാജ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയോ ഉത്തരവാദിത്വമോ ഇല്ലെന്നും സാധാരണക്കാരുടെ ആത്മാഭിമാനത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നും ധ്രുവ് റാഠി പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം രാജ്യം ഏറ്റെടുത്തുവെന്ന്‌ ഐഷി ഘോഷ്‌ പറഞ്ഞു.


കർണാടകയിലെ നൂറോളം പോളിങ് സ്റ്റേഷനുകളിലെ എസ്‌ഐആർ ക്രമക്കേടുകൾ വിശദമാക്കുന്ന റിപ്പോർട്ട്‌ ചടങ്ങിൽ പ്രകാശിപ്പിച്ചു. വോട്ടുനഷ്‌ടപ്പെട്ടവർക്ക്‌ അനുഭവങ്ങൾ വിശദീകരിക്കാവുന്ന രീതിയിൽ ‘ജനകീയ ട്രൈബ്യൂണലും’ സംഘടിപ്പിച്ചു. പട്ടികയിൽനിന്ന്‌ പുറത്തായ നൂറുകണക്കിനാളുകൾ പരിപാടിക്കെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home