കേരളത്തിന് എയിംസ്: പാർലമെന്റിലെ ഉറപ്പും ലംഘിച്ച് കേന്ദ്രം; കടുത്ത അവഗണനയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി: കേരളത്തിന്റെ ദീർഘകാലത്തെ ആവശ്യമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നത് സംബന്ധിച്ച് പാർലമെന്റിൽ നൽകിയ ഉറപ്പിൽ നിന്നും കേന്ദ്ര സർക്കാർ പിന്നോട്ട്. പാർലമെന്റിന്റെ കഴിഞ്ഞ സമ്മേളനങ്ങളിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച കൃത്യമായ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ കേന്ദ്ര ആരോഗ്യമന്ത്രാലയം വീണ്ടും ഒഴിഞ്ഞുമാറി.
കേരളത്തിന് എയിംസ് അനുവദിക്കുമോ, എപ്പോൾ, എവിടെ തുടങ്ങിയ പ്രധാന ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരം കേന്ദ്രം പറഞ്ഞിട്ടില്ല. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി 2025-ലെ മൺസൂൺ സമ്മേളനത്തിൽ രാജ്യസഭയിൽ ഔദ്യോഗികമായി ഉറപ്പ് നൽകിയിരുന്നതാണ്.
എന്നാൽ പുതിയ മറുപടിയിൽ ഈ ഉറപ്പിനെക്കുറിച്ച് യാതൊരു പരാമർശവുമില്ലാത്തത് കേന്ദ്ര നിലപാടിലെ കടുത്ത വൈരുദ്ധ്യവും ഒളിച്ചുകളിയുമാണ് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) പ്രകാരം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 22 എയിംസുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോഴും ഉയർന്ന ആരോഗ്യ സൂചികകളുള്ള കേരളത്തിന്റെ പേര് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
എയിംസ് എന്ന ആവശ്യത്തിന് പകരം കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും മുൻപ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾ അനുവദിച്ച കാര്യം മാത്രമാണ് കേന്ദ്രമന്ത്രി കത്തിൽ ആവർത്തിക്കുന്നത്.
ഉയർന്ന നിലവാരമുള്ള ഒരു കേന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് പകരമായി സംസ്ഥാനത്തെ നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ നവീകരണ പദ്ധതികൾ ചൂണ്ടിക്കാണിക്കുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്.
കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വൻ കുതിച്ചുചാട്ടമാകേണ്ട എയിംസ് എന്ന സ്വപ്ന പദ്ധതിയോട് കേന്ദ്ര സർക്കാർ കാണിക്കുന്ന ഈ ബോധപൂർവ്വമായ കാലതാമസവും അവഗണനയും അത്യന്തം പ്രതിഷേധാർഹമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി. കേരളത്തോടുള്ള കേന്ദ്രത്തിന്റെ ഈ അവഗണനയ്ക്കെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











0 comments