കൈക്കൂലിയായി വാങ്ങിയത് ഒരു കോടി രൂപ: എസ്എഫ്ഐഒ ഉദ്യോഗസ്ഥനും രണ്ടുപേരും അറസ്റ്റിൽ

ന്യൂഡൽഹി: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം മൂന്നുപേർ അഴിമതിക്കേസിൽ അറസ്റ്റിൽ. ചെന്നൈ എസ്എഫ്ഐഒ ഓഫീസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഹരീഷ് കുമാർ തൻവാർ, അഭിഭാഷകൻ ഭരത് ശർമ, അദ്ദേഹത്തിന്റെ ബന്ധു ആര്യൻ ശർമ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ഡിഎച്ച്എഫ്എൽ അഴിമതിയുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ അന്വേഷിക്കുന്ന കേസിൽ, അനുകൂലമായ നടപടി സ്വീകരിക്കുന്നതിനായി പരാതിക്കാരനിൽ നിന്ന് പ്രതികൾ ഒരു കോടി രൂപ ആവശ്യപ്പെട്ടതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. പരാതി പരിശോധിച്ചതിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
ആവശ്യപ്പെട്ട ഒരു കോടി രൂപയിൽ ആദ്യ ഗഡുവായി അഭിഭാഷകൻ പരാതിക്കാരനിൽ നിന്ന് 20 ലക്ഷം രൂപ കൈപ്പറ്റിയതിന് പിന്നാലെയാണ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതെന്ന് ഏജൻസി അറിയിച്ചു. തിങ്കളാഴ്ച വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച സിബിഐ തൻവാർ, രണ്ട് അഭിഭാഷകർ എന്നിവർക്കെതിരെ കേസെടുത്തത്.
ദവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ എസ്എഫ്ഐഒ അന്വേഷണം നേരിടുന്ന വ്യക്തിയിൽ നിന്നാണ് ഇവർ ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു 2017 ലെ ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ തൻവാർ.
എസ്എഫ്ഐഒ ഉദ്യോഗസ്ഥന്റെയും അഭിഭാഷകന്റെയും വസതികളിൽ നടത്തിയ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട സംശയാസ്പദമായ വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ക്രമക്കേടിൽ മറ്റാരുടെയെങ്കിലും പങ്ക് അന്വേഷിക്കുന്നതിനായി സിബിഐ അന്വേഷണം തുടരുകയാണ്.









0 comments