ആന്ധ്രാപ്രദേശിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; മൂന്ന് മരണം

ഹൈദരാബാദ്: ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ആന്ധ്രപ്രദേശിലെ നന്ദയാൽ ജില്ലയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശിലെ നെല്ലൂരിൽ നിന്ന് ഹൈദരബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെ തുടർന്ന് ബസിനും ലോറിക്കും തീപിടിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരെ ഗ്ലാസ് തകർത്താണ് പുറത്തിറക്കിയത്. സ്ഥലത്ത് മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. ഫയർഫോഴ്സ് എത്തി തീയണച്ച ശേഷം ഇരുവാഹനങ്ങളും റോഡിൽ നിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബസിന്റേയും ലോറിയിലെയും ജീവനക്കാരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ആർക്കും പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ബസിന്റെ ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.










0 comments