ഗുജറാത്തിൽ ബസുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 15 പേർക്ക് പരിക്ക്

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ രണ്ട് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ ഒരു ബസിന് തീപിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
ചൊവ്വാഴ്ച സൂറത്തിലെ ബർദോളി താലൂക്കിലുള്ള ഉവ-മണക്പൂർ ഗ്രാമത്തിന് സമീപമുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. ധൂലെയിൽ നിന്ന് നവാപൂർ വഴി സൂറത്തിലേക്ക് വരികയായിരുന്ന മഹാരാഷ്ട്ര എസ്ടി ബസ് മുന്നിൽ പോവുകയായിരുന്ന ട്രാക്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് സെൻട്രൽ ഡിവൈഡർ തകർത്ത് എതിർദിശയിൽ നിന്ന് വരികയായിരുന്ന മറ്റൊരു മഹാരാഷ്ട്ര എസ്ടി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസുകളിലൊന്ന് റോഡിൽ പലതവണ തലകീഴായി മറിഞ്ഞ് താഴ്ചയിലേക്ക് പതിക്കുകയും നിമിഷങ്ങൾക്കകം തീപിടിക്കുകയുമായിരുന്നു. അപകടം നടക്കുമ്പോൾ ഒരു ബസിൽ 25-ഓളം യാത്രക്കാരും രണ്ടാമത്തെ ബസിൽ 35-ഓളം യാത്രക്കാരുമുണ്ടായിരുന്നു. ബസിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കവെയാണ് തീ പടർന്നത്. ഇത് രക്ഷാപ്രവർത്തനത്തെയും ബാധിച്ചു.
സംഭവസ്ഥലത്തേക്ക് ഫയർഫോഴ്‌സും പൊലീസും ആംബുലൻസുകളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് ഫയർഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കിയത്. തകർന്ന ബസുകളിൽ നിന്ന് പരിക്കേറ്റ യാത്രക്കാരെ പുറത്തെടുത്ത് ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഹൈവേയിൽ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.










0 comments