print edition കേരളത്തെ കബളിപ്പിക്കാൻ മോദിക്ക് കഴിയില്ല : ബൃന്ദ കാരാട്ട്

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ ബൃന്ദ കാരാട്ട് സംസാരിക്കുന്നു
അഖില ബാലകൃഷ്ണൻ
Published on Jan 26, 2026, 02:30 AM | 1 min read
ഹൈദരാബാദ്
സ്‌ത്രീസുരക്ഷയിലും ജനപക്ഷ ഭരണത്തിലും കേരളം രാജ്യത്തിന് വെളിച്ചമാണെന്ന് മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തെ അഭിവാദ്യംചെയ്‌ത് മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. കേരളത്തിൽ ഡബിൾ എൻജിൻ സർക്കാർ വരണമെന്നാണ് കഴിഞ്ഞദിവസം മോദി പ്രസംഗിച്ചത്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ മോദിക്ക് കഴിയില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിയും കേരളത്തിലെ സ്ഥിതിയും ജനം തിരിച്ചറിയുന്നുണ്ട്.
ഭക്തിയും രാഷ്‌ട്രീയവും കൂട്ടിക്കലർത്തി സ്‌ത്രീകളെ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ പ്രചാരകരാക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളെ ചെറുക്കണമെന്നും ബൃന്ദ പറഞ്ഞു. വർഗീയശക്തികൾക്കെതിരെയും തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കുന്നതിനെതിരെയുമുള്ള പോരാട്ടത്തിന് സ്‌ത്രീകളെ സംഘടിപ്പിക്കാൻ മഹിളാ അസോസിയേഷൻ കരുത്താകണം. അമേരിക്കൻ സാമ്രാജ്യത്വത്തിന് കീഴടങ്ങുന്ന നയങ്ങൾ കാരണം രാജ്യം തലകുനിക്കുകയാണ്. സയണിസ്റ്റ് ശക്തികൾ കൂട്ടക്കൊല നടത്തുന്ന ഗാസയുടെ ജനങ്ങളോട് ഐക്യപ്പെടണം –ബൃന്ദ പറഞ്ഞു.










0 comments