ദുരന്തനിവാരണ സേനയുടെ മോക്ക് ഡ്രിൽ കാണാനെത്തിയ 17കാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു

ഡെറാഡൂൺ: ദുരന്തനിവാരണ സേനയുടെ മോക്ക് ഡ്രിൽ കാണാനെത്തിയ പതിനേഴുകാരൻ നദിയിൽ ഒഴുക്കിൽപ്പെട്ടു മരിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് അപകടം. സിമാൽഖ സ്വദേശി വിശാൽ സിങ് (17) ആണ് മരിച്ചത്. ബെതാൽഘട്ട് പ്രദേശത്ത് മോക്ക് ഡ്രിൽ കാണാൻ പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
കോസി നദി മുറിച്ചുകടക്കുന്നതിനിടെ, ബാലൻസ് നഷ്ടപ്പെട്ട് വിശാൽ വീണുപോവുകയായിരുന്നു. വിശാൽ ശക്തമായ ഒഴുക്കിൽപ്പെട്ടു. വിവരം ലഭിച്ചയുടനെ, സ്ഥലത്തുണ്ടായിരുന്ന എസ്ഡിആർഎഫ് സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. വിശാലിനെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷഹീദ് ബൽവന്ത് സിംഗ് ഭുജൻ-ബർദോ മോട്ടോർ റോഡിലെ കാളി പഹാഡിക്ക് സമീപം പൊലീസ്, ജില്ലാ ഭരണകൂടം, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), മറ്റ് വകുപ്പുകൾ എന്നിവർ ചേർന്നാണ് മോക്ക് ഡ്രിൽ നടത്തിയത്.











0 comments