ഡൽഹിയിൽ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി : ചൊവ്വാഴ്‌ച ഡൽഹിയിലെ വിവിധ സ്‌കൂളുകളിൽ ഇമെയിൽ വഴി ബോംബ് ഭീഷണി എത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. എയർഫോഴ്‌സ് ബാൽ ഭാരതി സ്‌കൂൾ, കാർമൽ കോൺവെന്റ് സ്‌കൂൾ, ബ്രിട്ടീഷ് സ്‌കൂൾ, സൻസ്‌കൃതി സ്‌കൂൾ, സർദാർ പട്ടേൽ വിദ്യാലയ, ആർമി പബ്ലിക്ക് സ്‌കൂൾ എന്നീ സ്‌കൂളുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. പകൽ പത്തരയോടെ ഇമെയിൽ ഭീഷണി എത്തിയതിന് പിന്നാലെ കുട്ടികളെ ഒഴിപ്പിച്ചു. തുടർന്ന് പൊലീസിന്റെ ബോംബ് നിർവീര്യമാക്കൽ സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും മറ്റുമെത്തി വിശദമായ പരിശോധന നടത്തി. സ്‌ഫോടകവസ്‌തുക്കളുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പിച്ചതിന് ശേഷമാണ് ക്ലാസുകൾ പുനരാരംഭിച്ചത്.
പഞ്ചാബി ഭാഷയിലായിരുന്നു ഇമെയിൽ സന്ദേശം. ഡൽഹിയെ ഖലിസ്ഥാനാക്കുമെന്നും സെപ്‌തംബർ 19 വരെ മെട്രോ– ട്രെയിൻ യാത്രകൾ സുരക്ഷിതമായിരിക്കില്ലെന്നും സന്ദേശത്തിലുണ്ട്. ഡൽഹിയിലെ പൊലീസ് സ്‌റ്റേഷനുകളെയും തീസ്‌ഹസാരി, കട്‌കർദൂമ, സാകേത് എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളെയും ലക്ഷ്യം വെയ്‌ക്കുമെന്നും സന്ദേശത്തിൽ ഭീഷണിയുണ്ട്.









0 comments