'രേവന്ത് റെഡ്ഡി അടുത്ത സുവേന്ദു അധികാരിയാകും'; തെലങ്കാന മുഖ്യമന്ത്രി ബിജെപിയിലേക്ക് ചേക്കേറുമെന്ന് ബിജെപി എംപി

രേവന്ത് റെഡ്ഡി, സുവേന്ദു അധികാരി
ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന സൂചന നൽകി ബിജെപി എംപി ധർമ്മപുരി അരവിന്ദ്. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയതുപോലെ രേവന്ത് റെഡ്ഡിയും രാഷ്ട്രീയ ചേരി മാറുമെന്നാണ് നിസാമാബാദിൽ നിന്നുള്ള എംപിയായ അരവിന്ദ് അവകാശപ്പെട്ടത്. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പതിറ്റാണ്ടുകളായി കോൺഗ്രസിനായി പ്രവർത്തിച്ച മുതിർന്ന നേതാക്കളെ അവഗണിച്ചുകൊണ്ട് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച കോൺഗ്രസ് നേതൃത്വത്തിന് വലിയ തെറ്റാണ് പറ്റിയതെന്ന് അരവിന്ദ് പറഞ്ഞു. മുൻപ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തുകയും പിന്നീട് ബംഗാളിൽ മമതാ ബാനർജിയുടെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായി മാറുകയും ചെയ്ത സുവേന്ദു അധികാരിയുടെ രാഷ്ട്രീയ വളർച്ചയുമായാണ് അദ്ദേഹം രേവന്ത് റെഡ്ഡിയെ ഉപമിച്ചത്.
അടുത്ത തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിയുമെന്നും ബിജെപി എംപി പറഞ്ഞു. '2028-29 ലെ തെരഞ്ഞെടുപ്പിൽ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങാൻ പോകുകയാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസങ്ങൾക്ക് മുൻപ് ഹൈദരാബാദിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രേവന്ത് റെഡ്ഡിയെ വേദിയിലിരുത്തി നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. 'നിങ്ങൾക്ക് എത്തിച്ചേരണമെന്നുള്ള ഇടത്തേക്ക് ഒരുപക്ഷേ നിങ്ങൾക്ക് എത്താൻ കഴിഞ്ഞെന്ന് വരില്ല... അതുകൊണ്ട് എന്നോടൊപ്പം ചേരുന്നതാണ് നല്ലത്' എന്നായിരുന്നു പ്രധാനമന്ത്രി അന്ന് രേവന്ത് റെഡ്ഡിയോടായി പറഞ്ഞത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താനൊരു സാധാരണ പാർട്ടി പ്രവർത്തകനാണെന്നും ഇതിന് പിന്നിൽ സുവേന്ദു അധികാരിയുടേത് പോലെയുള്ള വലിയ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നുണ്ടോ എന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നുമായിരുന്നു ധർമ്മപുരി അരവിന്ദിന്റെ മറുപടി.










0 comments