ad
Deshabhimani

മണിക് സർക്കാരിനെ ആക്രമിച്ച് ബിജെപി ഗുണ്ടാസംഘം; എസ്കോർട്ട് വാഹനം തകർത്തു

manik sarkar bjp atatck
വെബ് ഡെസ്ക്

Published on Sep 28, 2026, 06:55 AM | 1 min read

അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ മണിക് സർക്കാരിന്റെ വാഹനവ്യൂഹത്തിന് നേരെ ബിജെപി ഗുണ്ടാസംഘത്തിന്റെ അക്രമണം. ഡിവൈഎഫ്ഐ മോഹൻപുർ ഡിവിഷണൽ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ, പശ്ചിമ ത്രിപുരയിലെ ബമൂതിയയിൽ കാലിബസാറിലായിരുന്നു സംഭവം.


മണിക് സർക്കാരിന്റെ വാഹനം തടഞ്ഞ അക്രമികൾ കരിങ്കൊടി കാട്ടുകയും ഭീഷണി മുഴക്കി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വാഹനവ്യൂഹത്തിലുണ്ടായിരുന്ന എസ്കോർട്ട് വാഹനം അക്രമികൾ തകർത്തു. മണിക് സർക്കാരിന്റെ കാറിന് നേരെ മുട്ടയും കല്ലുകളും എറിഞ്ഞുവെന്നും ബമൂതിയ എംഎൽഎ നയൻ സർക്കാർ പറഞ്ഞു. അക്രമം കാരണം ഏകദേശം 40 മിനിറ്റോളം വാഹനവ്യൂഹത്തിന്റെ യാത്ര തടസ്സപ്പെട്ടു. വൻ സുരക്ഷാവീഴ്ചയുണ്ടായെങ്കിലും മണിക് സർക്കാരിന് പരിക്കേറ്റിട്ടില്ല.


വിവരമറിഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകരും സിപിഐ എം പ്രവർത്തകരും വൻതോതിൽ സ്ഥലത്തേക്ക് സംഘടിച്ചെത്തിയതോടെയാണ് അക്രമികൾ പിന്തിരിഞ്ഞോടിയത്. തുടർന്ന് മണിക് സർക്കാരിനെ പ്രവർത്തകർ സുരക്ഷിതമായി സമ്മേളനവേദിയിലെത്തിച്ചു. പരിപാടി തടസ്സപ്പെടുത്താനുള്ള വലതുപക്ഷ ഗുണ്ടാ സംഘങ്ങളുടെ ശ്രമങ്ങളെ തള്ളിപ്പറഞ്ഞ്, വൻ ജനപങ്കാളിത്തത്തോടെ ഡിവൈഎഫ്ഐ സമ്മേളനം നിശ്ചയിച്ചപ്രകാരം നടന്നു.


സംഭവത്തിന് പിന്നാലെ അഗർത്തലയിൽ സിപിഐ എം പശ്ചിമ ത്രിപുര ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു. മുൻ മുഖ്യമന്ത്രിയുടെ യാത്ര തടഞ്ഞതും എസ്കോർട്ട് വാഹനം ആക്രമിച്ചതും സംസ്ഥാനത്ത് പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനുള്ള ബിജെപി നീക്കമാണെന്ന് നേതാക്കൾ പറഞ്ഞു.


സംഭവത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ജിതേന്ദ്ര ചൗധരി ശക്തമായി അപലപിച്ചു. മുൻ മുഖ്യമന്ത്രിയെ മുൻകൂട്ടി നിശ്ചയിച്ച രാഷ്ട്രീയ പരിപാടിയിൽ പങ്കെടക്കുന്നതിൽ നിന്ന് തടയാൻ ശ്രമിച്ചത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും, സംസ്ഥാനത്ത് സാധാരണ രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള സാഹചര്യം ഉറപ്പാക്കാൻ മുഖ്യമന്ത്രി മണിക് സാഹ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home