ബിഹാർ തെരഞ്ഞെടുപ്പ്: സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പട്ന: ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായി സിപിഐ എം മത്സരിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വിഭൂതിപ്പുറിൽ അജയ്‌കുമാറും പിപ്രയിൽ രാജ്‌മംഗൽ പ്രസാദും മാഞ്ചിയിൽ സത്യേന്ദ്ര യാദവും ഹയാഘട്ടിൽ ശ്യാം ഭാരതിയുമാണ് സ്ഥാനാർഥികൾ. ബിഹാറിൽ സിപിഐ എം സിറ്റിങ് എംഎൽഎമാരായ അജയ്‌കുമാറും സത്യേന്ദ്ര യാദവും നാമനിർദേശ പത്രിക നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച രാജ്‌മംഗൽ പ്രസാദും തിങ്കളാഴ്‌ച പത്രിക നൽകി.
കോൺഗ്രസ് പിടിവാശി കാരണം മഹാസഖ്യത്തിന്റെ സീറ്റുവിഭജനം വൈകിയ സാഹചര്യത്തിലാണ് പാർടി സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകിയത്. സിപിഐ എംഎല്ലും നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 സീറ്റിലാണ് സിപിഐ എംഎൽ മത്സരിച്ചത്. ഇക്കുറി 25 സീറ്റെങ്കിലും ലഭിക്കണമെന്ന നിലപാടിലായിരുന്നു സിപിഐ എംഎൽ നേതൃത്വം. ഒന്നാം ഘട്ടത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്‌ചയാണ്.










0 comments