"ഉപചേരുവകൾ മാത്രമായാൽ കറിയാവില്ല": എംപിമാരുടെ കൂറുമാറ്റത്തിൽ ഭഗവന്ത് മന്നിന്റെ പരിഹാസം

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ (File Photo)
ചണ്ഡീഗഢ് : ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴ് രാജ്യസഭാ എംപിമാരെ പരിഹസിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പച്ചക്കറിയിലെ ചേരുവകളെ ഉപമിച്ചായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനം. ഇഞ്ചി, വെളുത്തുള്ളി, ജീരകം, ഉലുവ, മുളക്, കുരുമുളക്, മല്ലിയില എന്നീ ഏഴ് ചേരുവകൾ കറിക്ക് രുചി കൂട്ടുമെങ്കിലും അവയ്ക്ക് ഒരിക്കലും സ്വയം ഒരു 'കറി' ആകാൻ കഴിയില്ലെന്ന് മൻ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. പാർട്ടി വിട്ടവർ കേവലം ഉപചേരുവകൾ മാത്രമാണെന്നും പാർട്ടിയാണ് യഥാർത്ഥ ശക്തിയെന്നുമാണ് മൻ ഇതിലൂടെ വ്യക്തമാക്കിയത്.
ദേശീയ രാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടിക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് എംപിമാർ ബിജെപിയിൽ ചേക്കേറിയത്. സന്ദീപ് പഥക്ക്, അശോക് മിത്തൽ തുടങ്ങിയ പ്രമുഖരും ഛദ്ദക്കൊപ്പമുണ്ട്.
തങ്ങൾ കൂറുമാറിയത് പാർട്ടി മൂല്യങ്ങളിൽ നിന്നുള്ള വ്യതിയാനം കാരണമാണെന്ന് എംപിമാർ അവകാശപ്പെടുമ്പോൾ, ഇവർ പാർട്ടിയുണ്ടാക്കിയ മേൽവിലാസത്തിൽ തിളങ്ങിയവർ മാത്രമാണെന്ന് ഭഗവന്ത് മൻ തിരിച്ചടിച്ചു. കൂടുതൽ എംപിമാർ വരും ദിവസങ്ങളിൽ ബിജെപിയിൽ ചേരുമെന്ന് ഛദ്ദ അവകാശപ്പെട്ടതോടെ എഎപി ദേശീയ നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്.











0 comments