ബംഗളൂരുവിൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; നാല് പേർ പിടിയിൽ

നാഗർഭാവി മഹേഷ് പിയു കോളേജിലെ ഒന്നാം വർഷ ബി കോം വിദ്യാർത്ഥിയായ യോഗേഷ് ആണ് കൊല്ലപ്പെട്ടത്.
ബംഗളൂരു: അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി. നാഗർഭാവി മഹേഷ് പിയു കോളേജിലെ ഒന്നാം വർഷ ബി കോം വിദ്യാർത്ഥിയായ യോഗേഷ് ആണ് കൊല്ലപ്പെട്ടത്.
കോളേജിലെ സീനിയർ വിദ്യാർഥിനിയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൊല്ലപ്പെട്ട യോഗേഷും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഭുവനേഷും ഒരേ കോളേജിലെ വിദ്യാർത്ഥികളായിരുന്നു.
സീനിയർ വിദ്യാർഥിനിയോട് ഭുവനേഷ് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി നിരസിച്ചതിനെ തുടർന്ന് യോഗേഷ് പെൺകുട്ടിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നുവെന്ന് ഭുവനേഷ് പ്രചരിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.
തുടർന്ന് പെൺകുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന, കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ഭുവനേഷ് പ്രകോപിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. ഇയാൾ മൂന്ന് സുഹൃത്തുക്കളോടൊപ്പം എത്തി യോഗേഷിനെ കോളേജിൽ നിന്ന് വിളിച്ചിറക്കി കുത്തുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതിൽ നാല് പേരെയാണ് പൊലീസ് പിടികൂടിയത്. പിടിയിലായവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഒളിവിലുള്ള ഭുവനേഷിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി.








0 comments