Deshabhimani

പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്തുന്നു: ഡൽഹിയിലെ പൊലീസ് അതിക്രമത്തിനെതിരെ ബെഫി

delhi police attacks sfi leaders
വെബ് ഡെസ്ക്

Published on Oct 12, 2026, 07:34 PM | 1 min read

ന്യൂഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്നുവന്ന സമാധാനപരമായ പ്രതിഷേധങ്ങളെ പൊലീസ് ക്രൂരമായി അടിച്ചമർത്തിയതിനെ ശക്തമായി അപലപിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ. എസ്ഐആർ മൂലം രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം നഷ്ടപ്പെട്ടതിലുള്ള ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചാണ് ഡൽ​ഹിയിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്.


എന്നാൽ മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയും ട്രെയിൻ സർവീസുകൾ വൈകിപ്പിച്ചും മുപ്പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചും രാജ്യതലസ്ഥാനത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് അധികാരികൾ സൃഷ്ടിച്ചത്. ഗതാഗതവും ഇന്റർനെറ്റും തടസ്സപ്പെടുത്തരുതെന്ന സുപ്രീം കോടതിയുടെ തുടർച്ചയായ ഉത്തരവുകൾ കാറ്റിൽപ്പറത്തി. കൂടാതെ, വിദ്യാർഥികളും വനിതകളും മാധ്യമപ്രവർത്തകരുമടക്കം ആയിരക്കണക്കിന് ആളുകളെ വിവേചനരഹിതമായി കസ്റ്റഡിയിലെടുക്കുകയും ആക്രമിക്കുകയും ചെയ്തു.


അടുത്തകാലത്തായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഹ്വാനപ്രകാരം, കൃത്യമായ പണിമുടക്ക് നോട്ടീസ് നൽകിക്കൊണ്ട് സെപ്റ്റംബർ 28-30 തീയതികളിൽ മൂന്ന് ദിവസത്തെ പണിമുടക്കിന് എട്ട് ലക്ഷത്തോളം ബാങ്ക് ജീവനക്കാർ തയ്യാറെടുത്തിരുന്നു. യൂണിയനുകളുമായി അവരുടെ ആവശ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം, ബാങ്ക് ജീവനക്കാരെ ക്രിമിനലുകളായി ചിത്രീകരിച്ച് സമരം ചെയ്യുന്ന ജീവനക്കാരെ അറസ്റ്റ് ചെയ്യാനും അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുമുള്ള പ്ലാനാണ് സർക്കാർ രഹസ്യമായി നടപ്പിലാക്കിയത്.


ബാങ്കിംഗ് വ്യവസായത്തിന്റെ കഴിഞ്ഞ നിരവധി ദശാബ്ദങ്ങളുടെ ചരിത്രത്തിൽ ഇത്തരം നടപടികൾ വിചിത്രമായിരുന്നു. എന്നാൽ നിലവിലെ ഭരണകൂടത്തിന്റെ പതിവായ പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്തുന്ന രീതിക്ക് അനുയോജ്യമായ ഒന്നാണിത്.


സമാധാനപരമായ പ്രകടനങ്ങൾക്ക് നേരെയുള്ള പൊലീസ് അടിച്ചമർത്തൽ ഉടൻ അവസാനിപ്പിക്കണമെന്നും, നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത എല്ലാവരെയും മോചിപ്പിക്കണമെന്നും, പൊലീസ് അതിക്രമങ്ങളെക്കുറിച്ചും വനിതാ പ്രതിഷേധക്കാർക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home