റീൽസിനായി അച്ഛനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമം; സംഭവം ബംഗളൂരുവിൽ

ബംഗളൂരു : റീല്‍ വീഡിയോ ഷൂട്ട് ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ യുവതിയുടെ ശ്രമം. ബംഗളൂരുവിലെ വൈലിക്കാവൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കൊറിയർ ഓഫീസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പിതാവിനെ കൊറിയർ അയക്കാൻ യുവതിക്കൊപ്പം ഭർത്താവും ഭർതൃമാതാവും ഭർത്താവിന്റെ സഹോദരനും കൊറിയർ സ്ഥാപനത്തിൽ എത്തിയിരുന്നു. പാഴ്സലിനുള്ളിൽ എന്താണെന്ന ജീവനക്കാരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ കുടുംബം ഒഴിഞ്ഞുമാറി. സംശയം തോന്നിയ ജീവനക്കാർ കെട്ടഴിച്ചുനോക്കുകയായിരുന്നു. ചാക്കിൽ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നതോടെ റീൽ വീഡിയോയ്ക്ക് വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു.
റംസാൻ, ഉഗാഡി ആഘോഷസമയമായതിനാൽ യാത്രാടിക്കറ്റുകൾ ലഭിക്കാൻ മാർഗമില്ലെന്നും, കൊറിയർ അയക്കുകയാണ് വഴിയെന്നും കാണിക്കാനുള്ള റീലെടുക്കാൻ വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും വിശദീകരണം.
എന്നാൽ പിടിക്കപ്പെട്ടിട്ടും കുടുംബം കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരോട് പാഴ്സൽ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നാലെ യുവതിയെയും കുടുംബത്തെയും സ്റ്റേഷനിലെത്തിക്കുകയും ചെയ്ത പ്രവൃത്തി മോശമാണെന്ന് കാണിച്ച്, ഇവരെക്കൊണ്ട് മാപ്പ് അപേക്ഷ റീൽ റെക്കോർഡ് ചെയ്യിപ്പിക്കുകയും ചെയ്തു. കർശന മുന്നറിയിപ്പ് നൽകിയാണ് പൊലീസ് ഇവരെ വിട്ടയച്ചത്.










0 comments