പപ്പു യാദവ് എംപിക്കുനേരേ ആക്രമണം; അക്രമിയെത്തിയത് കത്തിയുമായി

സ്വന്തം ലേഖകൻ
Published on Aug 02, 2026, 10:12 PM | 1 min read
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിയ്ക്കക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികരിച്ച സ്വതന്ത്ര എംപി പപ്പു യാദവിനുനേരേ ആക്രമണം. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിലേക്ക് കത്തിയുമായി നുഴഞ്ഞുകയറിയ ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശി സുമിത്ത്, എംപിക്കുനേരെ ഷൂ എറിഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. എംപിയുടെ അനുയായികളും അംഗരക്ഷകരും ചേർന്ന് അക്രമിയെ കീഴടക്കി.
ബിഹാറിലെ പുർണിയയിൽനിന്നുള്ള എംപിയായ പപ്പു യാദവ് കാണിയ്ക്കക്കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് പരിസരത്ത് നടത്തിയ പ്രതിഷേധം ബിജെപിയെയും ആർഎസ്എസിനെയും അസ്വസ്ഥമാക്കിയിരുന്നു. യുപി പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ വിഷയത്തിൽ പ്രതികരിക്കാനാണ് വാർത്താസമ്മേളനം വിളിച്ചത്. തന്നെ കൊല്ലാൻ കത്തിയുമായാണ് യുവാവ് വന്നതെന്നും സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പപ്പു യാദവ് പറഞ്ഞു. അക്രമിയെയും ഇയാളിൽനിന്നു പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് ഒരു കത്തിയും എംപിയുടെ അനുയായികൾ കൈമാറിയെന്നും അന്വേഷണത്തിന് ശേഷമേ വിശദാംശങ്ങൾ പുറത്തുവിടാനാകൂവെന്നും ഡൽഹി പൊലീസ് അറിയിച്ചു.









0 comments