ലേയിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; മൂന്ന് സൈനികർക്ക് പരിക്ക്

അപകടത്തിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം
ലേ: ലഡാക്ക് സെക്ടറിൽ ലേയ്ക്ക് സമീപം കരസേനയുടെ ചീറ്റ ലൈറ്റ് ഹെലികോപ്റ്റർ തകർന്നുവീണു. മൂന്ന് ആർമി ഉദ്യോദസ്ഥർക്ക് പരിക്കേറ്റു. മെയ് 20നായിരുന്നു അപകടം. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ സൈന്യം ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടു.
TM333B എൻജിൻ ഘടിപ്പിച്ച, ചീറ്റ ഹെലികോപ്റ്ററിന്റെ പുതിയ മോഡലാണ് തകർന്നുവീണത്. ഡിവിഷൻ കമാൻഡർ മേജർ ജനറൽ സച്ചിൻ മേത്ത, രണ്ട് പൈലറ്റുമാർ എന്നിവരുൾപ്പെടെ മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മൂന്ന് പേരും പരിക്കുകളോടെ രക്ഷപ്പെട്ടു.ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന് ശേഷം മേജർ ജനറൽ മേത്ത എടുത്ത ഒരു സെൽഫി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അപകടവിവരം പുറത്തറിയുന്നത്. ലഡാക്ക്, സിയാച്ചിൻ, അരുണാചൽ പ്രദേശ് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലെ നിരീക്ഷണത്തിനും സൈനിക പ്രവർത്തനങ്ങൾക്കുമുപയോഗിക്കുന്ന ഹെലിക്കോപ്റ്ററാണ് ചീറ്റ ലൈറ്റ്.










0 comments