ad
Deshabhimani

അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് നിതിൻ നബീന് കൈമാറി; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സൂചന

Annamalai.jpg
വെബ് ഡെസ്ക്

Published on Jun 02, 2026, 04:11 PM | 1 min read

ന്യൂഡൽഹി: ആറു വർഷത്തെ ബിജെപി ജീവിതത്തിന് തിരശീലയിട്ട് തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ അദ്ദേഹം തന്റെ രാജിക്കത്ത് ബിജെപി തമിഴ്നാടിന്റെ ചുമതലയുള്ള ദേശീയ നേതാവ് നിതിൻ നബീന് കൈമാറി.


ഇന്നലെ ഡൽഹിയിലെത്തിയ അണ്ണാമലൈ മുതിർന്ന ബിജെപി നേതാക്കളുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ അണ്ണാമലൈ ബിജെപിയിൽ തന്നെ തുടരണമെന്ന് ദേശീയ നേതൃത്വം ശക്തമായി ആവശ്യപ്പെട്ടുവെങ്കിലും, തന്നെ പോകാൻ അനുവദിക്കണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നു.


താൻ ആദ്യമായി പ്രവർത്തിച്ച രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. പാർട്ടി തനിക്ക് നൽകിയ വലിയ അവസരങ്ങൾക്ക് നന്ദി അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹിയിലെത്തി നേതാക്കളെ കണ്ടത് എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അണ്ണാമലൈ വ്യക്തമാക്കി.


ബിജെപിയിൽ നിന്ന് പുറത്തുവന്നതിന് ശേഷം അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയാണെങ്കിൽ വരാനിരിക്കുന്ന നാളുകളിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു രാഷ്ട്രീയ കക്ഷിയുടെ ഉദയത്തിന് കൂടി ഇത് വഴിതെളിക്കും.


നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം ഉണ്ടാക്കിയ രാഷ്ട്രീയ ചലനങ്ങൾക്ക് പിന്നാലെ അണ്ണാമലൈയുടെ നീക്കവും തമിഴ്നാട്ടിൽ വലിയ ചർച്ചയായിട്ടുണ്ട്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അണ്ണാമലൈയെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി നീക്കിയിരുന്നു.


പകരം നൈനാർ നാഗേന്ദ്രന് ചുമതല നൽകിയ ദേശീയ നേതൃത്വത്തിന്റെ നടപടി വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നത്. ഈ പദവി മാറ്റത്തിന് പിന്നാലെ അണ്ണാമലൈ പാർട്ടിയുമായി കടുത്ത വിയോജിപ്പിലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home