ബിജെപി പാളയം വിട്ട് അണ്ണാമലൈ? രാജി കത്ത് സമർപ്പിച്ചതായി സൂചന

ന്യൂഡൽഹി: തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിടുന്നതായി ശക്തമായ സൂചന. ബിജെപി ദേശീയ നേതൃത്വവുമായുള്ള ഭിന്നതകളെത്തുടർന്ന് അദ്ദേഹം തന്റെ രാജി കത്ത് സമർപ്പിച്ചതായാണ് വിവരം. പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഇന്നലെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ദയവായി കാത്തിരിക്കൂ, രണ്ട് ദിവസത്തിനുള്ളിൽ നമുക്ക് ഇരുന്ന് സംസാരിക്കാം എന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. ബിജെപി ദേശീയ നേതാവ് നിതിൻ നബീനുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. ആറ് വർഷത്തെ സജീവ പ്രവർത്തനത്തിന് ശേഷമാണ് അണ്ണാമലൈ ബിജെപി വിടാനൊരുങ്ങുന്നത്.
ഇതിൽ നാല് വർഷത്തോളം അദ്ദേഹം തമിഴ്നാട് ബിജെപി അധ്യക്ഷനായി പ്രവർത്തിച്ചു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടും, ബിജെപി-എഐഎഡിഎംകെ സഖ്യ നീക്കങ്ങളിലും അദ്ദേഹം പൂർണ്ണമായും അതൃപ്തനായിരുന്നു.
എഐഎഡിഎംകെയുമായി സഖ്യം വേണ്ടെന്നും ഒറ്റയ്ക്ക് പാർട്ടി കെട്ടിപ്പടുക്കണമെന്നുമായിരുന്നു അണ്ണാമലൈയുടെ നിലപാട്. എന്നാൽ ദേശീയ നേതൃത്വം സഖ്യത്തിനായി നിർബന്ധിച്ചതാണ് അദ്ദേഹത്തെ അകറ്റിയത്. അണ്ണാഡിഎംകെയുമായുള്ള സഖ്യസാധ്യത മുൻനിർത്തി ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയത് മുതൽ അണ്ണാമലൈ നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്നു.
നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തമിഴ്നാട്ടിൽ ചരിത്ര മുന്നേറ്റം നടത്തുമെന്ന് വോട്ടെണ്ണലിന് മുൻപ് തന്നെ അണ്ണാമലൈ പ്രവചിച്ചിരുന്നു. കൂടാതെ മൂന്ന് മാസത്തിനുള്ളിൽ താൻ ഒരു സർപ്രൈസ് നൽകുമെന്ന് അദ്ദേഹം അടുത്ത അനുയായികളോട് പങ്കുവെച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അണ്ണാമലൈ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് തമിഴ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന.










0 comments