പെട്രോൾ വിലയുമായി തർക്കം; പമ്പ് ജീവനക്കാരനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി സംഘം, യുവാവ് ഗുരുതരാവസ്ഥയിൽ

പൊള്ളലേറ്റ് യുവാവ് ചികിത്സയിൽ, അറസ്റ്റിലായ രണ്ടുപേർ (Photo:NDTV)
ഭോപ്പാൽ: പെട്രോൾ വിലയുമായുണ്ടായ തർക്കത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി സംഘം. ഗുരുതരമായി പൊള്ളലേറ്റ 26 കാരനായ ആകാശ് സെൻഗർ എന്ന യുവാവിെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുന്നതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. മകനെ രക്ഷിക്കാൻ ഓടിയെത്തിയ പിതാവിനും പൊള്ളലേറ്റു. ബുള്ളറ്റിലെത്തിയ മൂന്ന് യുവാക്കളാണ് പെട്രോൾ വിലയുമായി തർക്കത്തിൽ ഏർപ്പെട്ടതും തുടർന്ന് ആകാശിന്റെ ദേഹത്തേയ്ക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു ദാരുണ സംഭവം.
ശരീരത്തിൽ തീ പടർന്നതോടെ ആകാശ് നിലവിളിച്ച് ഓടി. സമീപത്തെ ടൂർ ആൻഡ് ട്രാവൽസ് ഓഫീസിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു ആകാശിന്റെ പിതാവ് രാമചന്ദ്ര സെൻഗർ. ശബ്ദം കേട്ട് ഓടിയെത്തിയ രാമചന്ദ്ര കണ്ടത് മകൻ കത്തിയെരിയുന്നത് ആണ്. തുടർന്ന് രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി. ഇതിനിടെയാണ് പിതാവിന്റെ കാലുകൾക്ക് പൊള്ളലേറ്റത്. തുടർന്ന് എത്തിയ നാട്ടുകാർ ആണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
പിതാവിനെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകാശിന് 37 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നും നില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതികളായ ഡോലി എന്ന അനുജ് ഗുർജർ, സച്ചിൻ ഗുർജർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമനായ അരവിന്ദ് ഛവായ് ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.










0 comments