തമിഴ് നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു

അജിത്തിനൊപ്പം അമ്മ മോഹിനി മണി
ചെന്നൈ: തമിഴ് നടൻ അജിത് കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അമ്മയുടെ വിയോഗ വാർത്തയറിഞ്ഞ് ദുബായിൽ നിന്നും അജിത് ചെന്നൈയിലേയ്ക്ക് തിരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉൾപ്പടെ തമിഴ് സിനിമാ ലോകം ഒന്നടങ്കം അനുശോചനം അറിയിച്ചു.
"എന്റെ പ്രിയ സുഹൃത്ത് ശ്രീ അജിത് കുമാറിന്റെ മാതാവ് ശ്രീമതി മോഹിനി അമ്മായുടെ വിയോഗ വാർത്ത ദുഃഖത്തിലാഴ്ത്തി. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നെടുംതൂണായി താങ്ങിനിർത്തുകയും ചേർത്തുപിടിക്കുകയും ചെയ്ത അമ്മയുടെ വേർപാടിൽ നൊമ്പരപ്പെടുന്ന സുഹൃത്ത് അജിത് കുമാറിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ഞാൻ എന്റെ അനുശോചനം അറിയിക്കുന്നു." തമിഴ്നാട് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
അജിത്തിന്റെ മാതാവ് ശ്രീമതി മോഹിനി മണിയുടെ വിയോഗ വാർത്ത ഏറെ ദുഃഖിപ്പിച്ചുവെന്ന് കമൽഹാസൻ എക്സിൽ കുറിച്ചു. ദുഃഖത്തിൽ പങ്കുചേരുന്നതായും അദേഹം പറഞ്ഞു. ജീവിതത്തിലെ സങ്കടകരമായ ഘട്ടത്തിൽ നിങ്ങൾക്ക് കരുത്ത് ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് നടി രാധിക കുറിച്ചു. ദഃഖവും രേഖപ്പെടുത്തി. മോഹിനി മണിയുടെ സംസ്‌കാര ചടങ്ങുകൾ ഞായറാഴ്ച ചെന്നൈയിൽ നടത്തുമെന്നാണ് റിപ്പോർട്. മൂന്ന് വർഷം മുമ്പ് ഇതേ പ്രായത്തിൽ (85 വയസ്സ്) ആണ് അജിത്കുമാറിന്റെ അച്ഛൻ പി സുബ്രഹ്മണ്യവും അന്തരിച്ചത്. 2023 മാർച്ച് 24-നായിരുന്നു അജിത്തിന്റെ പിതാവ് അന്തരിച്ചത്.










0 comments