അജിത് പവാറിന്റെ മരണം: വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക നിഗമനം

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് സൂചന. ലാൻഡിംഗിന് തൊട്ടുമുൻപ് ദൂരക്കാഴ്ച തീരെ കുറവാണെന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇതാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം 8.50-ഓടെയാണ് ബാരാമതിയിൽ അപകടത്തിൽപ്പെട്ടത്.
ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തകരുകയായിരുന്നു. അജിത് പവാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തിൽപ്പെട്ടതായാണ് വിവരം. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. പൈലറ്റും എടിസിയും തമ്മിലുള്ള അവസാന സംഭാഷണങ്ങൾ വിശകലനം ചെയ്താലേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു വരികയാണ്.










0 comments