ഹിമാലയൻ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്‌ച തുടരുന്നു
ഡൽഹിയിൽ മഴ; വായുഗുണനിലവാരം മെച്ചപ്പെട്ടു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന് വായുമലിനീകരണത്തിൽ നിന്ന് താത്‌കാലിക ആശ്വാസം. വെള്ളിയാഴ്‌ച മഴ പെയ്‌തതിനാൽ ഡൽഹിയിലെ വായു ഗുണനിലവാരം (എക്യുഐ) മെച്ചപ്പെട്ടു. 192 ആണ് ശനിയാഴ്‌ച രേഖപ്പെടുത്തിയ എക്യുഐ. ‘ശരാശരി’ വിഭാഗത്തിലാണിത്. മൂന്ന് മാസത്തിന് ശേഷമാണ് എക്യുഐ 200ൽ താഴ്‌ന്ന് ‘ശരാശരി’ വിഭാഗത്തിലെത്തുന്നത്. 13.2 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ വെള്ളിയാഴ്‌ച രാവിലെ 8.30നും 5.30നും ഇടയിൽ രേഖപ്പെടുത്തിയത്. മഴ പെയ്തതോടെ രാജ്യതലസ്ഥാനത്തെ തണുപ്പും വർധിച്ചിട്ടുണ്ട്.
ഹിമാലയൻ സംസ്ഥാനങ്ങളിലെ മഞ്ഞുവീഴ്‌ച ശക്തമായി തുടരുകയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്‌ച മൂലം ജനജീവിതം തടസപ്പെട്ടു. സംസ്ഥാനങ്ങളിലെ മഞ്ഞുവീഴ്‌ച ഗതാഗത സംവിധാനങ്ങളിൽ കാര്യമായ തടസമുണ്ടാക്കി. പല പ്രദേശങ്ങളിൽ കുടിവെള്ള, വൈദ്യുതി വിതരണത്തിന് തടസം നേരിട്ടു.
ഹിമാചൽ പ്രദേശ് തലസ്ഥാനമായ ഷിംല ഉൾപ്പെടെ മഞ്ഞുപാളികളാൽ മൂടപ്പെട്ടു.
നഗരത്തിലെ ഭൂരിഭാഗം റോഡുകളിലും ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. മണാലിയിൽ ശക്തമായ മഞ്ഞുവീഴ്‌ചമൂലം വിനോദസഞ്ചാരികളുടെ വാഹനങ്ങളുൾപ്പെടെ കുടുങ്ങിക്കിടക്കുകയാണ്. ജമ്മു കശ്‌മീരിൽ മഞ്ഞുവീഴ്‌ചയിൽ കുറവുണ്ടായതിനാൽ ശ്രീനഗർ വിമാനത്താവളം വീണ്ടും പ്രവർത്തനമാരംഭിച്ചു. വെള്ളിയാഴ്‌ച വിമാനത്താവളത്തിൽ നിന്നുള്ള മുഴുവൻ വിമാനങ്ങളും റദ്ദാക്കിയിരുന്നു.










0 comments