സാങ്കേതിക തകരാർ: ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം ഏഴ് മണിക്കൂറിന് ശേഷം ഡൽഹിയിൽ തിരിച്ചിറക്കി

ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ആകാശത്ത് ഏഴ് മണിക്കൂർ വട്ടംചുറ്റിയ ശേഷം ഡൽഹിയിൽ തിരിച്ചിറക്കി. ബുധനാഴ്ച രാവിലെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എഐ 161 വിമാനമാണ് യാത്ര തുടങ്ങി മണിക്കൂറുകൾക്ക് ശേഷം സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മടങ്ങിയത്.
വിമാനം ലണ്ടനിലേക്ക് നീങ്ങുന്നതിനിടെയാണ് തകരാർ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്ര തുടരേണ്ടതില്ലെന്ന് പൈലറ്റ് തീരുമാനിക്കുകയായിരുന്നു. വിമാനത്തിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്നതിൽ വ്യക്തത വന്നിട്ടില്ലെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. മണിക്കൂറുകളോളം ആകാശത്ത് തുടരേണ്ടി വന്നത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി.
ഡൽഹിയിൽ തിരിച്ചിറങ്ങിയ യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ ലണ്ടനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചേക്കും.










0 comments