print edition അലയടിച്ചുയർന്ന് ആവേശക്കടൽ

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന് തുടക്കം കുറിച്ച് ഹെെദരാബാദിൽ നടന്ന റാലി ഫോട്ടോ / നിലിയ വേണുഗോപാൽ
ഹൈദരാബാദ്
അലയടിച്ചുയർന്ന മുദ്രാവാക്യങ്ങൾ, അണിമുറിയാതെ ആയിരങ്ങൾ.. രണ്ടുമണിക്കൂർ നേരം ഹൈദരാബാദ് ആർടിസി റോഡ് ആവേശക്കടലായി മാറി. സമ്മേളന നഗരിയായ സരോജിനി ബാലാനന്ദൻ നഗറിൽനിന്ന് സുന്ദരയ്യ വിജ്ഞാനകേന്ദ്രത്തിലേക്കും അവിടെനിന്ന് പൊതുസമ്മേളന വേദിയായ ആർടിസി മൈതാനത്തേക്കുമായിരുന്നു റാലി.
അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി, ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, ട്രഷറർ എസ് പുണ്യവതി, സെക്രട്ടറി സി എസ് സുജാത, തെലങ്കാന സംസ്ഥാന സെക്രട്ടറി മല്ലു ലക്ഷ്‌മി എന്നിവർ റാലിക്ക് നേതൃത്വം നൽകി.
പ്രതിനിധി സമ്മേളനത്തിൽ ഗാസയ്ക്ക് ഐക്യദാർഢ്യം അർപ്പിക്കുന്ന പ്രമേയം മാലിനി ഭട്ടാചാര്യ അവതരിപ്പിച്ചു. പ്രമേയം സമ്മേളനം പാസ്സാക്കി.
സമരവീര്യ സ്‌മരണകൾ
മല്ലു സ്വരാജ്യത്തിന്റെയും ചകാലി ഐലമ്മയുടെയും വിപ്ലവഗാഥകൾ ഇരന്പുന്ന തെലങ്കാനയുടെ മണ്ണ് ആദ്യമായാണ് മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന് വേദിയാകുന്നത്. ജന്മിത്വത്തിനും നൈസാം ഭരണത്തിനുമെതിരെ കനലായി മാറിയ പോരാളികളുടെ സമരവീര്യത്തിന്റെ സ്‌മരണകൾ സമ്മേളനവേദിയിൽ ഉൗർജം നിറച്ചു. തെലങ്കാനയുടെ പ്രശസ്‌തമായ പൂക്കളുടെ ആഘോഷത്തിന്റെ (ബതുകമ്മ) മാതൃകയിൽ മല്ലു സ്വരാജ്യത്തിന്റെ കഥ പാട്ടിലൂടെ സമ്മേളനത്തിനു മുന്നോടിയായി അവതരിപ്പിച്ചത് പ്രതിനിധികളുടെയും പ്രവർത്തകരുടെയും സിരകളിൽ ആവേശം പടർത്തി. വേദിക്ക് ഇരുവശവും സമര നായികമാർക്ക് അഭിവാദ്യം അർപ്പിച്ച് ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ അഖിലേന്ത്യ പ്രസിഡന്റ്
പി കെ ശ്രീമതി പതാക ഉയർത്തുന്നു
കമ്മിറ്റികൾ
അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി കൺവീനറായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. മോണാലിസ സിൻഹ, ജാസ്‌മിൻ സുൽത്താന, സുനിത സിങ്‌ഗഡ, അരുണ ജ്യോതി, ഉഷ സരോഹ, ജി പ്രമീള അംഗങ്ങൾ.
മറ്റു കമ്മിറ്റി അംഗങ്ങൾ
ക്രഡൻഷ്യൽ: പ്രാച്ചി ഹതിവൽക്കർ (കൺവീനർ), സവിത, സായ് ലക്ഷ്‌മി, ശശികല
പ്രമേയം: കൊനിനിക ഘോഷ് (കൺവീനർ), ടി എൻ സീമ, ഇഷിത മുഖർജി, അർച്ചന പ്രസാദ്, മധുഗർഗ്, സുഗന്ധി.
മിനുട്‌സ്: ബീനാ കുമാരി (കൺവീനർ), മോണി ഥാപ, മാധവി അമിത, രേഖ ദേശ്‌പാണ്ഡെ










0 comments