ധനുഷ് രാഷ്ട്രീയത്തിലേക്ക്; പുതിയ പാർടി രൂപീകരിക്കാൻ നീക്കം?

ചെന്നൈ: തമിഴ് സിനിമാലോകത്തുനിന്നും വീണ്ടുമൊരു രാഷ്ട്രീയ പ്രവേശന ചർച്ച കൂടി സജീവമാകുന്നു. നടൻ ധനുഷ് പുതിയ രാഷ്ട്രീയ പാർടി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സമീപകാലത്തായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ എല്ലാ സൂചനകളും താരം നൽകിയിരുന്നു.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി 'തമിഴക എഴിച്ചി കഴകം' (ടിഇകെ) എന്ന പേരിൽ പുതിയൊരു രാഷ്ട്രീയ പാർടി രൂപീകരിക്കാനുള്ള നീക്കത്തിലാണ് ധനുഷ് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അതിനായി താരം ഇതിനോടകം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതായും വിവരമുണ്ട്.
എന്നാൽ, ഈ മാധ്യമ റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും ധനുഷ് രാഷ്ട്രീയ പാർടി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളും ജനങ്ങളുമായുള്ള ഇടപെടലുകളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി, തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലുള്ള ആരാധക ക്ഷേമ സംഘടനകളെ ('ധനുഷ് രസികർ മൻട്രം') അടുത്തിടെ പുനഃസംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷിന്റെ രാഷ്ട്രീയ പ്രവേശം സജീവ ചർച്ചയായത്.









0 comments